ad
Deshabhimani

അണിയറ നീക്കവുമായി യുഡിഎഫ്‌ എംഎൽഎമാർ

മന്ത്രിക്കസേരയിൽ കണ്ണുനട്ടും കലഹം

കഞ്ചിക്കോട് സത്രപ്പടിയിൽ വി ഡി സതീശൻ അനുകൂലികൾ സ്ഥാപിച്ച ഫ്ലക്സ്

കഞ്ചിക്കോട് സത്രപ്പടിയിൽ വി ഡി സതീശൻ അനുകൂലികൾ സ്ഥാപിച്ച ഫ്ലക്സ്

avatar
പ്രത്യേക ലേഖകൻ

Published on May 10, 2026, 12:56 AM | 2 min read

പാലക്കാട്‌

മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അടിതുടരുന്നതിനിടെ മന്ത്രിക്കസേരയ്‌ക്കായി ജില്ലയിലെ യുഡിഎഫ്‌ എംഎൽഎമാരുടെ അണിയറനീക്കം തകൃതി. തൃത്താല, കോങ്ങാട്‌, മണ്ണാർക്കാട്‌, പാലക്കാട്‌, ചിറ്റൂർ മണ്ഡലങ്ങളിലായി അഞ്ച്‌ എംഎൽഎമാരാണ്‌ യുഡിഎഫിനുള്ളത്‌. മണ്ണാർക്കാടുനിന്നുള്ള ലീഗ്‌ പ്രതിനിധി എൻ ഷംസുദ്ദീൻ മന്ത്രിയാകുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. കോൺഗ്രസിൽനിന്ന്‌ ഒരാൾകൂടി ജില്ലയിൽനിന്ന്‌ മന്ത്രിയാവുമെന്നാണ്‌ വിവരം. ഇതിനായാണ്‌ തർക്കം രൂക്ഷമായത്‌. ഷാഫി പറമ്പിൽ, കെ സി വേണുഗോപാൽ എന്നിവരുടെ അടുപ്പക്കാരനായ പാലക്കാട്‌ എംഎൽഎ രമേഷ്‌ പിഷാരടിക്ക്‌ സിനിമാ മേഖലയിൽനിന്നുള്ളവരുടെ പിന്തുണയുള്ളതിനാൽ സാധ്യത കൽപ്പിക്കുന്നു. നടിയെ ആക്രമിച്ച സംഭവത്തിനുശേഷം നടൻ ദിലീപിനായി രംഗത്തുവന്ന പ്രധാനികളിലൊരാളാണ്‌ രമേഷ്‌ പിഷാരടി. ദിലീപിനെ ന്യായീകരിച്ച്‌ രംഗത്തുവന്ന രമേഷ്‌ പിഷാരടി കഴിഞ്ഞ തെരഞ്ഞെടുപ്പിലും യുഡിഎഫിനായി പ്രചാരണത്തിനുണ്ടായിരുന്നു. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലും രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനെത്തിയിരുന്നു. കെപിസിസി വൈസ്‌ പ്രസിഡന്റും തൃത്താല എംഎൽഎയുമായ വി ടി ബൽറാം വി ഡി സതീശനെ അനുകൂലിച്ച്‌ പോസ്‌റ്റ്‌ ഇട്ടതിനാൽ കെ സി പക്ഷത്തിന്‌ നീരസമുണ്ട്‌. ഇതിനാൽ സാധ്യത കുറവാണ്‌. എന്നാൽ വി ടി ബൽറാം മന്ത്രിക്കസേരയ്‌ക്കായുള്ള അണിയറ നീക്കം ശക്തമാക്കി. മറ്റ്‌ രണ്ടുപേര്‍ കോങ്ങാട്ടുനിന്നുള്ള കെ എ തുളസിയും ചിറ്റൂരിൽ നിന്നുള്ള സുമേഷ്‌ അച്യുതനുമാണ്‌. കെ എ തുളസിക്ക്‌ മന്ത്രിസ്ഥാനം കൊടുക്കണമെന്ന്‌ സമ്മർദവുമായി ഭർത്താവ്‌ കൂടിയായ വി കെ ശ്രീകണ്‌ഠൻ എംപി രംഗത്തുണ്ട്‌. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായാൽ മാത്രമേ ഗ്രൂപ്പ്‌ സമവാക്യവും സാമൂദായിക പരിഗണനയും വച്ച്‌ തുളസിക്ക്‌ നറുക്ക്‌ വീഴുകയുള്ളൂ. സുമേഷ്‌ അച്യുതൻ താരതമ്യേന ജൂനിയർ ആയതിനാൽ പരിഗണിക്കാൻ സാധ്യത കുറവാണ്‌.

കഞ്ചിക്കോട് തമ്മിൽത്തല്ലി കോൺഗ്രസുകാർ ; സതീശന്റെ ഫ്ലക്സ് കീറി കെ സി അനുയായികൾ

കഞ്ചിക്കോട് സത്രപ്പടിയിൽ വി ഡി സതീശൻ–കെ സി വേണുഗോപാൽ പക്ഷക്കാർ തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും. സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡ് കെ സി അനുയായികൾ കീറിയതിനെച്ചൊല്ലിയായിരുന്നു തർക്കം. " ഈ സൂര്യൻ അസ്തമിക്കില്ല, നാട്യക്കാരൻ മുന്നിൽ നിൽക്കണ്ട’– എന്ന വാചകത്തോടെ വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച ഫ്ലക്സ് ബോർഡാണ് പുതുശേരിയിലെ യഥാർഥ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ വച്ചത്. ഇത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കെ സി വേണുഗോപാൽ പക്ഷക്കാരനുമായ ജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കീറുകയും അഴിച്ച് മാറ്റുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ സതീശൻ, രമേശ് ചെന്നിത്തല അനുയായികളായ എം കാന്തകുമാരൻ, ആർ രാധാകൃഷ്ണൻ, പി കെ പ്രദീപ്, എം കൃഷ്ണമൂർത്തി, എസ് ചന്ദ്രൻ, ആർ രാഹുൽ, തമ്പി, കൃഷ്ണൻ, മുരുകൻ, മോഹനൻ, സ്റ്റാൻലി എന്നിവർ മറുപക്ഷത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. വാളയാർ പൊലീസ് സ്ഥലത്തെത്തി. പുതുശേരിയിലെ കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലും ഇരുചേരികളിലായി പോരടിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home