കണക്കുകളൊന്നും ശെരിയാകുന്നില്ലല്ലോ സതീശാ ! കുടുംബ ഇൻഷുറൻസിന് 25 ലക്ഷം രൂപയെന്ന് വാഗ്ദാനം; ബജറ്റിലുള്ളത് 10 കോടിയും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരുടെ കണ്ണ് മഞ്ഞളിപ്പിക്കാൻ യുഡിഎഫ് തട്ടിവിട്ട വൻ പ്രഖ്യാപനങ്ങളിലൊന്നായ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ആദ്യ ബജറ്റിൽത്തന്നെ നനഞ്ഞ പടക്കമായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കേരളത്തിലെ ഓരോ കുടുംബത്തിനും വർഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ കവറേജ് നൽകുമെന്നായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
എന്നാൽ, അധികാരത്തിലേറി ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ജനങ്ങൾക്ക് ലഭിച്ചതാകട്ടെ എട്ടിന്റെ പണിയും. കോടാനുകോടി രൂപ ആവശ്യമുള്ള ഈ മെഗാ പദ്ധതിക്കായി വി ഡി സതീശൻ സർക്കാർ ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. ജനങ്ങളെ അപ്പാടെ വിഡ്ഢികളാക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഈ കൺകെട്ട് വിദ്യ.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ഇൻഷുറൻസ് നൽകാൻ ഈ 10 കോടി രൂപ എങ്ങനെയൊപ്പിക്കും എന്നാണ് പൊതുജനം ഇപ്പോൾ ചോദിക്കുന്നത്. പ്രഖ്യാപനത്തിൽ ഹിമാലയൻ വലുപ്പവും പ്രവർത്തിയിൽ കടുക് മണിയോളവുമുള്ള യുഡിഎഫ് ശൈലിക്ക് അടിവരയിടുന്നതാണ് ധനവകുപ്പിന്റെ ഈ നീക്കം.
പ്രീമിയം തുകയായി പോലും ആയിരക്കണക്കിന് കോടികൾ വേണ്ടിവരുന്ന ഒരു പദ്ധതിക്കാണ് ഈ തുച്ഛമായ തുക നീക്കിവെച്ച് ജനങ്ങളെ പരിഹസിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാൻ ഉമ്മൻചാണ്ടിയുടെ പേരും പറഞ്ഞ് വോട്ട് പിടിച്ചവർ, അധികാരത്തിലെത്തിയപ്പോൾ ആ പേരിനോടും ജനങ്ങളോടും ഒരേപോലെ വഞ്ചന കാട്ടിയിരിക്കുകയാണ്.
10 കോടി രൂപ കൊണ്ട് കേരളത്തിലെ എത്ര കുടുംബങ്ങൾക്ക് 25 ലക്ഷത്തിന്റെ കവറേജ് നൽകാൻ കഴിയുമെന്നത് സതീശൻ സർക്കാരിന്റെ പുതിയ 'സാമ്പത്തിക ശാസ്ത്ര'ത്തിൽ വിരിഞ്ഞ അത്ഭുതമോ അല്ലെങ്കിൽ എഐ പറഞ്ഞുകൊടുത്ത കണക്കോ ആയിരിക്കണം. ഇത്തരമൊരു കണക്കുകൂട്ടലിൽ എഐയ്ക്കപോലും കണക്ക് തെറ്റാൻ സാധ്യതയില്ലെന്നിരിക്കെയാണ് സതീശന്റെ വായുവിൽ കൊട്ടാരങ്ങൾ പണിയുന്ന ഈ മാജിക്ക്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി വെറും 10 കോടി എന്നാണ് പറയുന്നതെങ്കിലും, അടിയന്തരമായ ആവശ്യമാണെന്നിരിക്കെ ഈ പദ്ധതിയെ ഇത്രയും തുച്ഛമായ പണംകൊണ്ട് എങ്ങനെ നടപ്പിലാക്കുമെന്നാണ് ഇനി കാണേണ്ടിയിരിക്കുന്നത്.










0 comments