നീറ്റ് പുനഃപരീക്ഷ: ടെലഗ്രാം നിരോധനത്തിനെതിരെയുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയോടനുബന്ധിച്ച് രാജ്യത്ത് ഏർപ്പെടുത്തിയ താല്ക്കാലിക ടെലഗ്രാം നിരോധനത്തിനെതിരെ കമ്പനി നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. പരീക്ഷ അട്ടിമറിക്കാൻ സംഘടിത മാഫിയകൾ ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാൻ കേന്ദ്ര സർക്കാരിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി.
സർക്കാരിൻ്റെ ഈ നടപടി അമിതമോ അനുചിതമോ അല്ലെന്നും ലഭ്യമായതിൽ വെച്ച് ഏറ്റവും കുറഞ്ഞ നിയന്ത്രണ മാർഗ്ഗമാണെന്നും കോടതി നിരീക്ഷിച്ചു. ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മുൻകരുതൽ നടപടിയെന്ന നിലയിലാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ജൂൺ 22 വരെ ടെലഗ്രാമിന് താല്ക്കാലിക വിലക്കേർപ്പെടുത്തിയത്.
ഇതോടൊപ്പം ആപ്പിലെ മെസ്സേജ് എഡിറ്റിങ് ഓപ്ഷനുകൾ ജൂൺ 30 വരെ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ടെലഗ്രാം കോടതിയെ സമീപിച്ചത്. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ചോദ്യപ്പേപ്പർ ചോർത്തുന്ന ഗ്രൂപ്പുകളെയും ചാനലുകളെയും മുൻകൂട്ടി കണ്ടെത്തുന്നതിൽ സാങ്കേതികപരമായ പരിമിതികളുണ്ടെന്ന് ടെലഗ്രാം തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും മറ്റ് തട്ടിപ്പുകൾക്കുമായി ടെലഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി വ്യാജ ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും എൻടിഎ കണ്ടെത്തുകയും ചെയ്തിരുന്നു. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനാണ് ഈ അടിയന്തര ഇടപെടലെന്ന് സർക്കാർ വ്യക്തമാക്കി.
എന്നാൽ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ ഇതാദ്യമല്ല, മന്ത്രാലയത്തിന്റെ അപാകത മറയ്ക്കാൻ ആപ്പിന് മേൽ പഴിചാരുകയാണെന്നും ആക്ഷേപമുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു പരീക്ഷപോലും സുതാര്യമായി നടത്താനാകാത്ത ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.









0 comments