ad
Deshabhimani

ഫുട്ബോൾ ലോകകപ്പ്

കരുത്ത് കാട്ടി മെക്‌സിക്കോ; കൊറിയയെ പരാജയപ്പെടുത്തി, റൗണ്ട് ഓഫ് 32ൽ എത്തുന്ന ആദ്യ ടീം

ഫുട്ബോൾ ലോകകപ്പ്

Photo| FIFA

വെബ് ഡെസ്ക്

Published on Jun 19, 2026, 11:55 AM | 1 min read

സപോപാൻ : ലോകകപ്പ് ഫുട്ബോളിൽ ആതിഥേയരായ മെക്‌സിക്കോ പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 32) ഉറപ്പിച്ച ആദ്യ ടീമായി. ഗ്രൂപ്പ് എ-യിലെ നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മെക്‌സിക്കോയുടെ മുന്നേറ്റം. ഈ ലോകകപ്പിലെ മെക്‌സിക്കോയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.


ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ മെക്‌സിക്കോയും, ദക്ഷിണ കൊറിയയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. ജയിക്കുന്നവർക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാമെന്നതിനാൽ ഇരു ടീമുകളും വിജയത്തിനായി പൊരുതി. മത്സരത്തിലുടനീളം പന്ത് കൈവശം വെച്ച് മെക്‌സിക്കോ കളി നിയന്ത്രിച്ചു. കൊറിയൻ പെനാൽറ്റി ബോക്സിലേക്ക് മെക്സിക്കൻ താരങ്ങൾ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും, ഗോൾകീപ്പർ കിം സ്യുങ് ഗ്യുവിന്റെ മിന്നും പ്രകടനം അവർക്ക് വലിയ വെല്ലുവിളിയായി. സൺ ഹ്യുങ് മിൻ അടക്കമുള്ള കൊറിയൻ മുന്നേറ്റനിര മെക്‌സിക്കോ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും, ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.


മത്സരത്തിന്റെ 50-ാം മിനിറ്റിലാണ് നിർണായകമായ ഗോൾ പിറന്നത്. കൊറിയൻ ഗോൾകീപ്പറുടെ പിഴവാണ് മെക്‌സിക്കോയ്ക്ക് തുണയായത്. യർന്നു വന്ന പന്ത് കൈപ്പിടിയിലാക്കുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് പന്ത് കൈവിട്ട കൊറിയൻ ഗോൾകീപ്പറിൽ നിന്ന് ലഭിച്ച അവസരം ലൂയിസ് റോമോ അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. സമനിലയ്ക്കായി കൊറിയ പൊരുതിയെങ്കിലും, 87-ാം മിനിറ്റിൽ ചോ ഗ്യൂസങ്ങിന്റെ ഗോളെന്നുറച്ച ഹെഡർ മെക്‌സിക്കൻ ഗോളി റൗൾ റെയ്ഞ്ചൽ തട്ടിയകറ്റി. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി മെക്‌സിക്കോ മുന്നേറിയപ്പോൾ, മൂന്നു പോയിന്റുമായി ദക്ഷിണ കൊറിയ രണ്ടാമത് നിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home