ഡിഎച്ച്എസ് ഓഫിസിൽ കസേരയ്ക്കായി പോര്: ചുമതലയേൽക്കാനെത്തിയ റീനയെ തടഞ്ഞ് താല്ക്കാലിക ചുമതലയുള്ള മീനാക്ഷി

തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ഓഫിസിൽ കസേരയെച്ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ വൻ തർക്കവും നാടകീയ രംഗങ്ങളും.
‘എന്തുവന്നാലും കസേര വിട്ടുതരില്ല’ എന്ന നിലപാടിൽ താല്ക്കാലിക ചുമതലയുള്ള മീനാക്ഷി ഉറച്ചുനിന്നതോടെ, ഔദ്യോഗികമായി ചുമതലയേൽക്കാനെത്തിയ റീനയ്ക്ക് സീറ്റിലിരിക്കാനാകാതെ മടങ്ങേണ്ടി വന്നു.
യഥാർത്ഥ ഉത്തരവുമായി പുതിയ ചുമതല ഏറ്റെടുക്കാൻ റീന ഓഫിസിൽ എത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. എന്നാൽ നിലവിൽ താല്ക്കാലികമായി ആ കസേരയിൽ ഇരിക്കുന്ന മീനാക്ഷി സീറ്റിൽ നിന്നും മാറാൻ തയ്യാറായില്ല.
തനിക്ക് കസേര ഒഴിയാൻ ഔദ്യോഗിക നിർദ്ദേശമില്ലെന്നും, അതുകൊണ്ട് തന്നെ സീറ്റ് വിട്ടുതരില്ലെന്നും മീനാക്ഷി വ്യക്തമാക്കുകയായിരുന്നു. ഇരു ഉദ്യോഗസ്ഥരും തമ്മിൽ ഓഫിസിനുള്ളിൽ വെച്ച് കടുത്ത വാഗ്വാദമാണ് ഉണ്ടായത്.
മറ്റ് ജീവനക്കാരും പൊതുജനങ്ങളും നോക്കിനിൽക്കെയായിരുന്നു ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഈ അസാധാരണ കസേരക്കളി. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു.
കസേരയെച്ചൊല്ലി ഡിഎച്ച്എസ് ഓഫിസിലുണ്ടായ ഈ വൻ പോരിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.









0 comments