പരുതൂർ പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് 27ന്
കാൽനടജാഥയ്‌ക്ക് സമാപനം

കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്ന പി പി ഫൈസലിനെ ജാഥാ സമാപനയോഗത്തിൽ പതാക നൽകി സ്വീകരിക്കുന്നു
പട്ടാമ്പി
യുഡിഎഫ് ഭരിക്കുന്ന പരുതൂർ പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും സ്വജന പക്ഷപാതത്തിനും ജനവഞ്ചനയ്‌ക്കുമെതിരെ സിപിഐ എം 27ന് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് നടത്തും. പരുതൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മാർച്ച് രാവിലെ 10ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. ജനകീയ മാർച്ചിന്റെ പ്രചാരണാർഥം സിപിഐ എം പരുതൂർ ലോക്കൽ സെക്രട്ടറി പി കെ ചെല്ലുക്കുട്ടി ക്യാപ്റ്റനും കുളമുക്ക് ലോക്കൽ സെക്രട്ടറി കെ സി അലി ഇക്ബാൽ വൈസ് ക്യാപ്റ്റനും ലോക്കൽ കമ്മിറ്റി അംഗം പി സുധീർ മാനേജരുമായ ജാഥ മൂന്നുദിവസങ്ങളിലായി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വ്യാഴം രാവിലെ മംഗലം പ്രദേശത്തുനിന്ന് തുടങ്ങി വൈകിട്ട് പരുതൂർ മുക്കിലപീടികയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങൾക്കുപുറമേ എം മോഹൻദാസ്, ഇ പി ശിവശങ്കരൻ, ടി സുധാകരൻ, അഡ്വ. നിഷ, എം കെ വിഷ്ണു, പി പി സുവർണ, ഷൈമ ഉണ്ണികൃഷ്ണൻ, പി ശ്രീനിവാസൻ, എം കെ സുമതി, ടി ശാന്തകുമാരി, പി രമണി, പി ടി അബൂബക്കർ, വി പി ഹരിനാരായണൻ, പി കെ മധുസൂദനൻ, പി കെ ബാബു എന്നിവർ സംസാരിച്ചു. ചിറങ്കര, കുളമുക്ക്, കൊടിക്കുന്ന്, പള്ളിപ്പുറം, കരിയന്നൂർ, കൈതക്കുന്ന് എന്നിവിടങ്ങളിലായിരുന്നു രണ്ടാം ദിവസം ജാഥ പര്യടനം നടത്തിയത്. മുക്കിലപീടികയിൽ സമാപനയോഗം ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ടി പി ഷെഫീഖ് ഉദ്ഘാടനം ചെയ്തു. പി സുധീർ അധ്യക്ഷനായി. ഐഎൻടിയുസി മുൻ ജില്ലാ നിർവാഹക സമിതി അംഗവും മണ്ഡലം പ്രസിഡന്റും പരുതൂരിലെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായിരുന്ന പി പി ഫൈസലിനെ ചെങ്കൊടി നൽകി സ്വീകരിച്ചു. തുടർന്ന് ജാഥാംഗങ്ങൾക്ക് സ്വീകരണവും നൽകി.








0 comments