Deshabhimani

ഇന്ധനക്ഷാമവും വിലക്കയറ്റവും; അമേരിക്കയിലേക്ക് റഷ്യൻ ഡീസലുമായി ആദ്യ കപ്പൽ പുറപ്പെട്ടു

Trump Putin

Image Credit : REUTERS

വെബ് ഡെസ്ക്

Published on Oct 24, 2026, 06:05 PM | 1 min read

വാഷിങ്ടൺ : ഉക്രെയ്ൻ പ്രതിഷേധമറിയിച്ചെങ്കിലും റഷ്യയിൽ നിന്നുള്ള ഡീസൽ ഇറക്കുമതി പുനരാരംഭിച്ച് അമേരിക്ക. റഷ്യൻ ഡീസലുമായി ആദ്യ ടാങ്കർ കപ്പൽ പുറപ്പെട്ടതായാണ് ഔദ്യോ​ഗിക വിവരം. അമേരിക്കയിലേക്കുള്ള റഷ്യൻ ഡീസൽ വിതരണം തുടരുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ ഇന്ധന വിതരണത്തിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ന്യയോർക്കിലേക്ക് പുറപ്പെട്ട ആദ്യ കപ്പലിൽ 40,000 ടൺ ഡീസലാണുള്ളത്. നവംബർ ഏഴിന് കപ്പൽ അവിടെ എത്തുമെന്നാണ് വിവരം. 2023 ജൂലൈയ്ക്കുശേഷം റഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് ഡീസലുമായി പോകുന്ന ആദ്യ കപ്പലാണിത്.


അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിലും, ഇന്ധനക്ഷാമം നേരിടുന്നതിനാലുമാണ് റഷ്യയിൽ നിന്നുള്ള ഡീസൽ ഇറക്കുമതി പുനരാരംഭിക്കാൻ തീരുമാനിച്ചത്. വരും മാസങ്ങളിൽ കൂടുതൽ ടൺ ഡീസൽ റഷ്യ എത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഒരു ദിവസത്തെ ഉപയോഗത്തിന്റെ ഏകദേശം ഏഴ് ശതമാനം മാത്രമാണ് ആദ്യ കപ്പലിലുള്ളത്. അതിനാൽ, ഇറക്കുമതി പുനരാരംഭിച്ചതു കൊണ്ടു മാത്രം ഇന്ധനവിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് അമേരിക്കൻ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.


റഷ്യയുടെ എണ്ണശുദ്ധീകരണശാലകൾക്കുനേരെ ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെ ഡീസൽ ഉല്പാദനത്തെയും വിതരണത്തെയും സാരമായി ബാധിച്ചിരുന്നു. റഷ്യൻ ശുദ്ധീകരണശാലകൾക്കുനേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ഉക്രെയ്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഇറാനു നേരെ കടന്നാക്രമണം തുടുരന്ന സാഹചര്യത്തിൽ ഹോർമുസ് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക തീരുമാനിച്ചത്.


റഷ്യൻ എണ്ണയോ പ്രകൃതിവാതകമോ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കനത്ത തീരുവ ചുമത്തുന്ന ബിൽ അമേരിക്ക പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാൻ ട്രംപ് ഭരണകൂടം തയ്യാറായിരിക്കുന്നത്. ട്രംപിന്റെ തുടരുന്ന ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നതാണ് ഈ തീരുമാനമെന്ന് രാഷ്ട്രീയ വിമർശനവും ട്രംപിന് നേരെ ഉയർന്നു. അമേരിക്കയുടെ തീരുമാനത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്കി ആശങ്ക പ്രകടിപ്പിക്കുകയും, വിമർശിക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home