രാഷ്ട്രീയ നേതാക്കളുടെ അഴിമതി മൂടി വെക്കാന്‍ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുന്നു : പിണറായി വിജയൻ

തിരുവനന്തപുരം: വിവരാവകാശ നിയമത്തെ അട്ടിമറിച്ച് കൊണ്ട് വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഷ്ട്രീയ നേതാക്കളുടെ അഴിമതി മൂടി വെക്കാനുള്ള നഗ്നമായ ഇടപെടലാണെന്നും യുഡിഎഫ് സർക്കാർ പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രിക്കെതിരെയുള്ള വിജിലൻസ് രേഖകൾ പുറത്തുവന്ന് മുഖം വികൃതമായപ്പോൾത്തന്നെ ഇറങ്ങിയ ഈ വിജ്ഞാപനം ഭരണത്തണലിൽ അഴിമതി ആറാട്ട് നടത്തുന്ന ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമാണ്. വിവരാവകാശ നിയമം തങ്ങളുടെ 'തറവാട്ടുസ്വത്ത്' ആണെന്ന് മേനിപറഞ്ഞു നടന്ന കോൺഗ്രസ്, അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമ്മർദ്ദവും ഇടപെടലും കാരണമാണ് യുപിഎ കാലത്ത് ഈ ജനകീയ ആയുധം രാജ്യത്ത് പിറവിയെടുത്തത്. രണത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ഒരു സർക്കാർ ഇത്രമാത്രം ഭയക്കുന്നുണ്ടെങ്കിൽ, അവിടെ അഴിമതിയുടെ വേരുകൾ എത്രമാത്രം ആഴത്തിൽ പടർന്നിട്ടുണ്ടാകും എന്നാണ് ചിന്തിക്കേണ്ടത്.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിട്ട് കൊള്ളമുതൽ പങ്കിട്ടെടുക്കാനുള്ള കേരളത്തിലെ ഈ ജനവിരുദ്ധ നാടകത്തിന് എഐസിസി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോ എന്ന് വ്യക്തമാക്കണം. കട്ടവനെ കാവൽക്കാരനാക്കി മാറ്റുന്ന ഈ കള്ളക്കളി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല, പിണറായി വിജയൻ പറഞ്ഞു.









0 comments