റഷ്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ; ഉഭയകക്ഷി സഹകരണം ശക്തമാകും

Image Credit : NDTV
ന്യൂഡൽഹി : ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനൊരുങ്ങി മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും. 2030ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തിച്ച് സഹകരണം വിപുലീകരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച നിർദേശം നൽകിയതായി ഇന്ത്യയുടെ റഷ്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, വ്യവസായം എന്നീ മേഖലക്കു പുറമെ വിദഗ്ധ തൊഴിലാളികളുടെ കൈമാറ്റത്തിലും സഹകരണം വർധിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
വ്യാപാരവും വാണിജ്യവും ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം കൂടുതൽ വികസിപ്പിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും നിർദേശം നൽകിയതായും വിനയ് കുമാർ വ്യക്തമാക്കി. 2030ഓടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കും. ഇതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം 50 ബില്യൺ ഡോളറാക്കാനും ലക്ഷ്യമുണ്ട്.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിച്ചതോടെ 2024–25 സാമ്പത്തിക വർഷത്തിൽ സഹകരണ വ്യാപാരം ഏകദേശം 68.7 ബില്യൺ ഡോളറിലെത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള ഇറക്കുമതിക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും ആനുപാതികമായി വർധിപ്പിക്കാനാണ് തീരുമാനം. റഷ്യയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിദഗ്ധരായ തൊഴിലാളികളെ ലഭ്യമാക്കാൻ ഇന്ത്യ തയ്യാറാണെന്നും അംബാസഡർ വ്യക്തമാക്കി.
റഷ്യൻ വ്യവസായങ്ങൾക്ക് ആവശ്യമായ വിദഗ്ധരെ പരിശീലിപ്പിക്കാൻ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും തീരുമാനമുണ്ട്. നിലവിലുള്ള ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിക്കുവാൻ റഷ്യയോട് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. റഷ്യയുടെ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇന്ത്യക്കാർക്ക് വിദേശ തൊഴിൽ അവസരങ്ങളും വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റഷ്യൻ വ്യവസായങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ കണ്ടെത്താനും ഇന്ത്യൻ കമ്പനികൾക്ക് റഷ്യയിൽ സാന്നിധ്യം വർധിപ്പിക്കാനും ഇരുനേതാക്കളും തമ്മിലുള്ള സഹായകമാകും. വ്യാപാര ഇടപാടുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച്, ഇരുരാജ്യങ്ങളിലേക്കുമുള്ള നിക്ഷേപം വർധിപ്പിക്കുക വഴി 2030ഓടെ ലക്ഷ്യത്തിലേക്ക് മുന്നേറാനാണ് ഇന്ത്യയും റഷ്യയും ശ്രമിക്കുന്നത്.









0 comments