Deshabhimani

കേരളത്തിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1275 കോടി രൂപ

bank
വെബ് ഡെസ്ക്

Published on Oct 24, 2026, 07:23 PM | 1 min read

തിരുവനന്തപുരം : കേരളത്തിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന പണം ക്രമാതീതമായി പെരുകുന്നു. സംസ്ഥാനത്ത് മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്. ഈ പണം അവകാശികളെ നേരിട്ട് കണ്ടെത്തി നൽകണമെന്ന് ദേശസാൽകൃത ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി. മാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണത്തിനും റിസർവ് ബാങ്ക് തയാറെടുക്കുന്നുണ്ട്.


മിനിമം ബാലൻസ് വഴി മാത്രം കോടിക്കണക്കിനു രൂപ ബാങ്ക് അക്കൗണ്ടുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. രണ്ടു വർഷത്തിലധികം ഇടപാട് നടത്തിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമാകും. ബാങ്കിലെത്തിയാൽ ഈ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കാനും സാധിക്കും. മിനിമം ബാലൻസ് തുകയും തിരികെ ലഭിക്കും. ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ കെവൈസി അപ്ഡേറ്റ് ചെയ്തു പണം തിരികെ വാങ്ങാം.


അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ ഉപയോക്താക്കളെ സഹായിക്കാൻ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ച ഏകീകൃത പോർട്ടൽ (www.unclaimedassetsportal.in) വഴി ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് ക്ലെയിം, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിലുള്ള പണം കണ്ടെത്താം. രാജ്യത്തെ ബാങ്കുകൾ, പെൻഷൻ, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ട്. ബാങ്കുകളിൽ മാത്രം 75,000 കോടിയാണുള്ളത്. 10 വർഷത്തിനു മുകളിൽ നിർജീവമായ നിക്ഷേപങ്ങളെയാണ് ഈ വിഭാഗത്തിലേക്കു മാറ്റുക. മിക്കതും മരണശേഷം അവകാശികളില്ലാതെയാകുന്നതാണ്. നടപടിക്രമങ്ങളിലെ അശ്രദ്ധ, വിലാസത്തിലെ മാറ്റം, നോമിനിയെ രേഖപ്പെടുത്താതിരിക്കൽ തുടങ്ങിയ കാരണങ്ങളാലും ഇത് സംഭവിക്കാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home