ഊട്ടിയിലും കൊടൈക്കനാലിലും കനത്തമഴ; യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ

കോയമ്പത്തൂർ : ഊട്ടിയിൽ കനത്ത മഴ തുടരുന്നതിനാൽ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. മേട്ടുപ്പാളയം – ഊട്ടി ദേശീയ പാതയിലും, മേട്ടുപ്പാളയം - കോത്തഗിരി സംസ്ഥാന പാതയിലും പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി മുതൽ രാവിലെ വരെ നീലഗിരി ജില്ലയിലും താഴ്‌വാര പ്രദേശമായ മേട്ടുപ്പാളയത്തും കനത്ത മഴയായിരുന്നു. നീലഗിരി ജില്ലയിലേക്കുള്ള രണ്ടു പ്രവേശന കവാടങ്ങളും മാർഗങ്ങളും സുരക്ഷ മുൻനിർത്തി പൊലീസ് അടച്ചിട്ടിരിക്കുകയാണ്.
കൊടൈക്കനാലിലെ സെമ്പകനൂർ മേഖലയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകർന്നു. റോഡുകളിൽ വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഊട്ടിയിലേക്കുള്ള സർക്കാർ ബസുകൾ അടക്കം മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ യാത്ര തൽക്കാലം അവസാനിപ്പിച്ചിരിക്കുകയാണ്. നീലഗിരിയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ കണക്കാക്കുന്നത്. നിലവിൽ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടാകുന്നുണ്ട്. ദേശീയപാത അധികൃതർ ജെസിബി ഉപയോഗിച്ചു നീക്കം ചെയ്തെങ്കിലും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്.
ബർലിയാറിൽ അർധരാത്രി സർക്കാർ ബസിനു മുകളിൽ മണ്ണും പാറയും വീണ് ഡ്രൈവർ മരിച്ചു. ഊട്ടി ബെട്ടട്ടി കനകരാജ് (50) ആണ് മരിച്ചത്. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്നു സ്ഥലത്തും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കേരളത്തിൽ പാലാ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നെത്തിയ വിദ്യാർഥികൾ അടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകൾ കുടുങ്ങിയെങ്കിലും പുലർച്ചയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽനിന്നു പുറപ്പെട്ടു.








0 comments