പട്ടുപുൽപ്പായ കാണാമറയത്തേക്ക്

ആര്യംമ്പള്ളത്ത് എൺപത്തിരണ്ടുകാരനായ കറുപ്പസ്വാമി പട്ടുപ്പുൽപ്പായ നെയ്യുന്നു
എസ് സുധീഷ്
Published on Jul 20, 2026, 12:28 AM | 1 min read
ചിറ്റൂർ
ചിറ്റൂരിന്റെ തനതായ പുൽപ്പായ നെയ്ത്ത് തൊഴിൽ പേരിനുമാത്രമായി ചുരുങ്ങുന്നു. അന്യമാകാതെ സംരക്ഷിച്ചില്ലെങ്കിൽ കരകൗശലവിദ്യ നഷ്ടമാകുമെന്ന ആശങ്കയിലാണ് നെയ്‌ത്തുകാർ. മാഞ്ചിറ, കമ്പിളിച്ചുങ്കം, കൊശത്തറ, ആര്യമ്പള്ളം എന്നിവിടങ്ങളിൽ 200 ലേറെ കുടുംബങ്ങളിൽ പുൽപ്പായ നെയ്തിരുന്നു. അതിപ്പോൾ എൺപത്തിരണ്ടുകാരനായ കറുപ്പ് സ്വാമിയിലും അയ്യപ്പനിലും(65) മാത്രമായി ചുരുങ്ങി. നഗരസഭ നൽകിയ 17 ഫ്രെയിം തറികൾ ഉപയോഗിക്കാതെ കിടക്കുകയാണ്. പുഴയോരങ്ങളിലെ പ്രത്യേകതരം പുല്ല് സംസ്കരിച്ചാണ് പായ നെയ്യുന്നത്. കൈപ്പിടിയിൽ ഒതുങ്ങുന്ന പായ നെയ്യാൻ ചുരുങ്ങിയത് നാലുദിവസമെങ്കിലും വേണ്ടിവരും. വിദേശത്തുനിന്നുൾപ്പെടെ ധാരാളം ഓർഡർ ലഭിച്ചിരുന്നതും കുറഞ്ഞു. എങ്കിലും പട്ടുപുൽപ്പായക്ക് ആവശ്യക്കാരേറെയാണ്. ഒന്നിന് 7000 രൂപവരെ ലഭിക്കും. ആദ്യകാലത്ത് വിവാഹം, ചോറൂണ് തുടങ്ങിയ വിശേഷങ്ങൾക്ക് പട്ടുപുൽപ്പായ ഉപയോഗിച്ചിരുന്നു. പുതിയ തലമുറയ്ക്ക് ഈ തൊഴിലിൽ പരിശീലനം നൽകി. പുതുതലമുറയ്ക്ക് വേണ്ട പ്രോത്സാഹനം നഗരസഭയും വ്യവസായ വകുപ്പും നൽകിയില്ലെങ്കിൽ ഈ പരമ്പരാഗത കുടിൽ വ്യവസായം ഓർമയിൽ ആകുമെന്ന് കറുപ്പ് സ്വാമി പറയുന്നു. പാരമ്പര്യ തൊഴിൽ നിലനിർത്തുന്നതിനൊപ്പം മികച്ച വരുമാനം ഉറപ്പുവരുത്താനായി പുഴയോരത്തെ പുല്ല്, ദർഭ എന്നിവ ഉപയോഗിച്ച് നിസ്‌ക്കാരപ്പായ, ചെരുപ്പ്, യോഗപ്പായ, ചവിട്ടി, എന്നിവ ഉണ്ടാക്കാനുള്ള പദ്ധതിക്ക് രൂപം നൽകി വിപണിയും കണ്ടെത്തി നൽകണമെന്നാവശ്യവും ശക്തമാണ്.










0 comments