Deshabhimani

ടച്ച്‌ സെൻസർ’ വികസിപ്പിച്ച്‌ പാലക്കാട്‌ ഐഐടി; ഇനി ‘സേഫ്‌ ഡ്രൈവ്‌’

ഡോ. ശ്രീനാഥ്  വിജയകുമാർ, പിങ്കു സെബാസ്റ്റ്യൻ
avatar
സ്വന്തം ലേഖകൻ

Published on Sep 22, 2026, 01:28 AM | 1 min read

കഞ്ചിക്കോട്

കാമറക്കണ്ണുകളില്ലാതെ, സ്റ്റിയറിങ്‌ വീലിലെ സ്‌പർശനം കൊണ്ടുമാത്രം ശ്രദ്ധയും സുരക്ഷിതത്വവും തിരിച്ചറിയുന്ന ഒരു വാഹനമുണ്ടെങ്കിലോ? പാലക്കാട് ഐഐടി ഇലക്‌ട്രിക്കൽ എന്‍ജിനിയറിങ്‌ വിഭാഗം അസോ. ‌പ്രൊഫസര്‍ ഡോ. ശ്രീനാഥ് വിജയകുമാറും ടെക്‌നിക്കല്‍ സൂപ്രണ്ട് പിങ്കു സെബാസ്റ്റ്യനും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ടച്ച്‌ സെൻസറിലൂടെ ഇത്‌ യാഥാർഥ്യമാകുകയാണ്‌. ഹ്യൂമൻ–-മെഷീൻ ഇന്റര്‍ഫേസ് ര‍ൂപകൽപ്പനയിൽ വലിയ മാറ്റത്തിന്‌ വഴിയൊരുക്കുന്ന കണ്ടുപിടിത്തത്തിന്‌ പേറ്റന്റും ലഭിച്ചു. നിലവിൽ കാറുകളിലെ ഡ്രൈവർ മോണിറ്ററിങ്‌ സിസ്റ്റങ്ങൾ ചെറിയ കാമറകളെയാണ്‌ ആശ്രയിക്കുന്നത്‌. ഇവ സ്വകാര്യതയ്‌ക്ക്‌ വെല്ലുവിളിയാകുന്നതിനൊപ്പം മങ്ങിയ വെളിച്ചത്തിലോ കൈകള്‍ മറഞ്ഞിരിക്കുമ്പോഴോ ഫലപ്രദമാകണമെന്നില്ല. ഇതിന്‌ ബദലായാണ്‌ ചെലവുകുറഞ്ഞ ടച്ച്‌ സെൻസറുകൾ ഗവേഷകർ വികസിപ്പിച്ചത്‌. സ്റ്റിയറിങ്‌ വീലിന്റെ പ്രതലത്തിൽ ഘടിപ്പിക്കുന്ന നേര്‍ത്ത സെന്‍സര്‍ സ്ട്രിപ്പുകള്‍ വിരലുകള്‍ തൊടുമ്പോഴുണ്ടാകുന്ന വൈദ്യുത സിഗ്നലുകൾ തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തിക്കുക. സ്റ്റിയറിങ്‌ വീലിലെ കൈകളുടെ സ്ഥാനം, ഡ്രൈവര്‍ സുരക്ഷിതമായി ഇരുകൈകളും ഉപയോഗിച്ചാണോ വണ്ടി തിരിക്കുന്നത്‌, അതോ ദീര്‍ഘനേരത്തേക്ക് കൈകള്‍ സ്റ്റിയറിങ്ങില്‍നിന്ന് മാറ്റിയിരിക്കുകയാണോ എന്നിവയടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനാകും. ടച്ച് സിഗ്‌നലുകളെ മാത്രം ആശ്രയിക്കുന്നതിനാല്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏത്‌ കാലാവസ്ഥയിലും സെൻസർ പ്രവർത്തിക്കും. കാമറാധിഷ്ഠിത ഉപകരണങ്ങളെ അപേക്ഷിച്ച് ഭാരം കുറവായതിനാൽ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചെടുക്കാനുമാകും. പുത്തൻ സാധ്യതകൾ ​അമിതവേഗം, ശ്രദ്ധക്കുറവ്‌, അപകടകരമായ ഡ്രൈവിങ്‌ എന്നിവ തിരിച്ചറിഞ്ഞ്‌ മുന്നറിയിപ്പ്‌ നൽകുന്ന സാങ്കേതികവിദ്യ റോഡ്‌ സുരക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ല. ഫാക്‌ടറികളിലും മറ്റും റോബോട്ടുകള്‍ക്ക് മനുഷ്യസ്പര്‍ശം തിരിച്ചറിഞ്ഞ്‌ അപകടങ്ങൾ ഒഴിവാക്കി പ്രവർത്തിക്കാനാകും. ആശുപത്രികളിലെ സ്മാര്‍ട്ട് ഐസിയു കിടക്കകളില്‍ ഘടിപ്പിച്ച്‌ രോഗികളുടെ ചലനങ്ങളും മറ്റും നിരീക്ഷിക്കാനും അടിയന്തരഘട്ടങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനും സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home