Deshabhimani

വ്യാപാര യുദ്ധത്തിന് വീണ്ടും തിരികൊളുത്തി ട്രംപ്; ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് മേൽ കനത്ത തീരുവ ഭീഷണി

 Photo Credit: Reuters
വെബ് ഡെസ്ക്

Published on Nov 25, 2026, 08:42 PM | 2 min read

വാഷിംഗ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെ ഇന്ത്യയും ചൈനയുമടക്കം 14 പ്രധാന വ്യാപാര പങ്കാളികളുടെ ഉൽപ്പന്നങ്ങൾക്ക് മേൽ പുതിയ ഇറക്കുമതി തീരുവ ചുമത്താൻ ഡോണൾഡ് ട്രംപ്. ചൈനയ്ക്ക് പുറമെ ഇന്ത്യ, ബംഗ്ലാദേശ്, കംബോഡിയ, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കാണ് പുതിയ തീരുവ ബാധകമാകുക. നിലവിൽ മെക്സിക്കോയെയും നോർവേയെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25% വരെ തീരുവയാണ് യുഎസ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പുവെച്ചാൽ മാത്രമേ ഇത് 17 ശതമാനമായി കുറയ്ക്കുകയുള്ളൂ എന്ന സമ്മർദ്ദ തന്ത്രവും യുഎസ് വ്യാപാര പ്രതിനിധി മുന്നോട്ടുവെച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി റദ്ദാക്കിയ തീരുവകൾക്ക് പകരമായി, സെക്ഷൻ 301 പ്രകാരം എട്ട് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് ട്രംപ് ഭരണകൂടം പുതിയ നീക്കം നടത്തിയിരിക്കുന്നത്.


സ്റ്റീൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ആഗോള വിപണിയിൽ എത്തിക്കുന്നതിലൂടെ ചൈന വിപണിയെ തകർക്കുകയാണെന്ന് ആരോപിച്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 20% പുതിയ തീരുവയാണ് ചുമത്തുന്നത് (ആദ്യ ടേമിലെ തീരുവകൾ കൂടി ചേരുമ്പോൾ ഇത് 45% വരെയാകാം).


യുഎസുമായി മുൻപ് വ്യാപാര കരാറുകളിൽ ഏർപ്പെട്ട രാജ്യങ്ങളുടെ നിശ്ചിത പരിധി (ഉദാഹരണത്തിന് യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർക്ക് 15%, മലേഷ്യയ്ക്ക് 19%) മറികടക്കുന്ന തരത്തിലായിരിക്കില്ല പുതിയ തീരുവകൾ. നേരത്തെ ചുമത്തിയ ചില തീരുവകൾക്ക് മുകളിൽ ഇവ അധികമായി ചുമത്തുകയുമില്ല.


അതേസമയം, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 20 ശതമാനം അധിക തീരുവ ചുമത്താനുള്ള നീക്കത്തിനെതിരെ ബീജിംഗ് ശക്തമായി രംഗത്തെത്തി. "അമിത ഉൽപ്പാദനം" എന്നത് അമേരിക്കയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി കെട്ടിച്ചമച്ച വ്യാജ ആരോപണം മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ തിരിച്ചടിച്ചു. വ്യാപാര യുദ്ധങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി.


പൊതുജന അഭിപ്രായ രൂപീകരണത്തിനും ഹിയറിംഗിനും ശേഷം അടുത്ത വർഷം ജനുവരിയോടെ പുതിയ തീരുവകൾ പ്രാബല്യത്തിൽ വരുത്താനാണ് വൈറ്റ് ഹൗസ് നീക്കം. അമേരിക്കയുടെ ഈ സംരക്ഷണവാദ നയങ്ങൾ ആഗോള ഓഹരി വിപണികളിൽ വലിയ ഇടിവിന് കാരണമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home