'എന്നെ പരിചരിക്കണം, ഉറക്കണം': വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ മധ്യപ്രദേശിലെ ഗുണയിൽ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. നരേന്ദ്ര കുശ്വാഹ എന്ന അധ്യാപകനെതിരെയാണ് വിദ്യാർഥിനി പരാതി നൽകിയത്. അധ്യാപകൻ തന്നെ പുറത്തേക്ക് ക്ഷണിച്ചതായും പെൺകുട്ടി ആരോപിച്ചു.
"വൈകുന്നേരം 5 മണിക്ക് ഫ്രീയാണോ? നമുക്ക് പുറത്തുപോകാം. 8 മണിയാകുമ്പോഴേക്കും തിരികെ വരാം" എന്നാണ് വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ കുശ്വാഹ പറയുന്നത്. ശിശുദിനമായ നവംബർ 14ന് സാധാരണ രീതിയിൽ സംസാരിച്ചു തുടങ്ങിയ അധ്യാപകൻ, നവംബർ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി മോശം സന്ദേശങ്ങൾ അയച്ചതായി ജില്ലാ കളക്ടർക്കും, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും, സ്കൂൾ പ്രിൻസിപ്പലിനും നൽകിയ രേഖാമൂലമുള്ള പരാതിയിൽ പെൺകുട്ടി വ്യക്തമാക്കി.
തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടതായും പെൺകുട്ടി ആരോപിച്ചു. "നിന്റെ കാര്യം വ്യത്യസ്തമാണ്", "നീ എന്നെ പരിചരിക്കേണ്ടി വരും", "എന്നെ ഉറക്കണം" എന്നിങ്ങനെയുള്ള സന്ദേശങ്ങളും ഇയാൾ അയച്ചിരുന്നു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കാനും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു.
സ്കൂളിലെ കമ്പ്യൂട്ടർ ലാബിനുള്ളിൽ അധ്യാപകന് ഒരു 'രഹസ്യ മുറി' ഉണ്ടായിരുന്നതായും വിദ്യാർഥിനി ആരോപിക്കുന്നു. ലാബിന്റെ ഒരു ഭാഗം കർട്ടനുകൾ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നുവെന്നും, പെൺകുട്ടികളെ സംസാരിക്കാനെന്ന വ്യാജേന ഇവിടേക്ക് കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്.
അധ്യാപകന്റെ ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്നപ്പോൾ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി പറഞ്ഞു. മറ്റ് ചില വിദ്യാർത്ഥിനികളോടും ഇയാൾ സമാനമായ രീതിയിൽ സംസാരിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.









0 comments