വൈഭവിന്റെ വെടിക്കെട്ട് കണ്ട് ഞെട്ടി; പ്രായ പരിശോധന നടത്തണമെന്ന് മുൻ പാക് താരം

ദുബായ്: ഏഷ്യാകപ്പ് റൈസിങ് സ്‌റ്റാർസ് ഏകദിന ക്രിക്കറ്റിലെ ബാറ്റിങ് വിസ്ഫോടനത്തിന് പിന്നാലെ വൈഭവ് സൂര്യവംശിയുടെ പ്രായം വീണ്ടും ചർച്ചയാവുന്നു. പതിനഞ്ച് വർഷവും 242 ദിവസവുമാണ് വൈഭവിന്റെ പ്രായം. എന്നാല്‍ വൈഭവിന് 15 വയസല്ലെന്നും കുറഞ്ഞത് 20-21 വയസെങ്കിലും കാണുമെന്നും മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ തൻവീർ അഹമ്മദ് പറഞ്ഞു. ഒരു കുട്ടിക്ക് ഇത്രയും കരുത്തുണ്ടാകില്ലെന്നും 28 സിക്‌സറുകൾ അടിക്കാൻ കഴിയില്ലെന്നും തൻവീർ വാദിച്ചു.
കഴിഞ്ഞ ദിവസം താരത്തിന്റെ ബാറ്റിങ് കണ്ട് യുഎഇ ബൗളർമാർ മാത്രമല്ല ഞെട്ടിയത്, ക്രിക്കറ്റ് ലോകം മുഴുവനായിരുന്നു. 12.5 ഓവർ നീണ്ട വെട്ടിക്കെട്ട് അവസാനിച്ചപ്പോൾ യുഎഇ ബൗളിങ് നിര ചാരമായി. വൈഭവ് സൂര്യവംശിയെന്ന പേര് മുഴങ്ങി. ലിസ്‌റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും സിക്‌സറുകളുടെ എണ്ണവും പഴങ്കഥയാക്കിയായിരുന്നു വൈഭവിന്റെ റൺ പടയോട്ടം. പതിമൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ ബാസിൽ ഹമീദിന്റെ പന്തിൽ ആര്യാൻഷ് ശർമയ്‌ക്ക് പിടികൊടുക്കുംവരെ കണ്ടത് ക്രിക്കറ്റ് വേദിയിലെ അത്ഭുത പ്രകടനമായിരുന്നു. 53 പന്തിൽ നേടിയ 204 റണ്ണിൽ 190ഉം ബൗണ്ടറികളിലൂടെയായിരുന്നു. 28 സിക്‌സർ, 7 ഫോർ.
നേരത്തെയും വൈഭവിന്റെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. മങ്കൂസ് ബാറ്റുമായെത്തി ബോളർമാരെ വിറപ്പിച്ചിരുന്ന ഓസീസ് ഇതിഹാസ താരം മാത്യു ഹെയ്ഡനാണ് വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ ആദ്യം സംശയം ഉന്നയിച്ചത്. ഇന്ത്യയുടെ മുൻ താരവും കമന്ററേറ്ററുമായ രവി ശാസ്ത്രിയാണ് വിവരം പങ്കുവെച്ചത്. ഗുജറാത്തിനെതിരായ ഐപിഎൽ മത്സരത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറി നേടിയ സമയത്തായിരുന്നു സംഭവം. തീതുപ്പുന്ന എല്ലാ ബോളർമാരെയും പായിച്ച വൈഭവിന്റെ പ്രകടനമാണ് സംശയത്തിന് കാരണം. ഇവന് അന്ന് 14 വയസാണെന്നത് കരുതുന്നില്ലെന്ന് തന്നോട് ഹെയ്‌ഡൻ പറഞ്ഞു എന്നാണ് ശാസ്ത്രി പങ്കുവെച്ചത്.








0 comments