നെല്ലുസംഭരണത്തിനും നയമില്ല

സ്വന്തം ലേഖിക
Published on May 30, 2026, 12:07 AM | 1 min read
പാലക്കാട്
എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച നെല്ല് സംഭരണ പ്രക്രിയ അടിമുടി പോരായ്‌മകൾ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിനുമുമ്പ് നിരന്തരം സമരം നടത്തിയ യുഡിഎഫ്, അധികാരം കിട്ടിയപ്പോൾ എല്ലാം മറന്നു. അധികാരമേറ്റതിനുശേഷം ആദ്യ നയപ്രഖ്യാപനത്തിൽ നെല്ലുസംഭരണ വില ഉയർത്തുമെന്നോ, സംഭരണത്തിന് പകരം സംവിധാനമെന്തെന്നോ പരാമർശമില്ല. ജില്ലയിൽ ഏറ്റവും കൂടതൽപേർ ആശ്രയിക്കുന്ന നെൽകൃഷിയെ പാടേ അവഗണിച്ചതിൽ കർഷകരിലും വലിയ പ്രതിഷേധമുണ്ട്. സഹകരണ സംഘങ്ങൾ വഴിയുള്ള നെല്ലുവില വിതരണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നോ പുതിയ സീസണിലെ സംഭരണ നടപടികളെക്കുറിച്ചോ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര അവഗണനയ്ക്കെതിരെ ഒരക്ഷരം മിണ്ടാത്ത പ്രഖ്യാപനത്തിൽ താങ്ങുവില ഇനത്തിൽ കേന്ദ്രം നൽകാനുള്ള കുടിശ്ശികയുടെ കാര്യത്തിലും മൗനം. എൽഡിഎഫ് സർക്കാർ നൽകിയിരുന്ന പ്രോത്സാഹന ബോണസ് തുടരുമോയെന്നതിലും അനിശ്ചിതത്വം തുടരുകയാണ്. ഇൗ സീസൺ മുതൽ സംഭരണവില 35 ആക്കുമെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലും വ്യക്തതയില്ല. നിലവിൽ, നെല്ലുവില വിതരണത്തിൽ സംസ്ഥാനത്ത് പ്രതിസന്ധി തുടരുകയാണ്. സഹകരണ ബാങ്കുകൾക്ക് വായ്പ നൽകുന്നതിൽ കേരള ബാങ്കിന് സർക്കാർ ഇതുവരെ ഗ്യാരന്റി നൽകിയിട്ടില്ല. മറ്റു ജില്ലകളിൽ എസ്‌ബിഐ, കനറാ ബാങ്കുകൾ വഴിയുള്ള വിലവിതരണവും പ്രതിസന്ധിയിലാണ്. കഴിഞ്ഞ സീസണുകളിൽ സംസ്ഥാന സർക്കാർ പ്രത്യേകം തുക അനുവദിച്ചാണ് കർഷകർക്ക് സമയബന്ധിതമായി നെല്ലുവില നൽകിയത്. കേന്ദ്രം വളത്തിന് വില കൂട്ടുകയും അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ മുഖേന വിതരണം നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒന്നാംവിളയിൽ കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണ്. അഗ്രിസ്റ്റാക്ക് ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കർഷകർ നേരിടുന്ന വളം ലഭ്യതയിലെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. അടിയന്തമായി ഇടപെട്ടില്ലെങ്കിൽ ഒന്നാംവിള കൃഷി പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് കർഷകർ. ജില്ലയിൽ വേനൽമഴയിലെ കുറവും കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കാലവർഷത്തിൽ മഴ കുറയുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ കർഷകർക്കായി പ്രത്യേകം പാക്കേജുകളും വേണം.










0 comments