കർഷകർക്ക് ആശ്വാസം; നെല്ലിന്റെ സംഭരണപരിധി ഉയർത്തി സർക്കാർ

പാലക്കാട്
ജില്ലയിൽ കർഷകർക്ക് ആശ്വാസമായി കെട്ടിക്കിടക്കുന്ന അധിക നെല്ല് സംഭരിക്കാൻ രണ്ടാംവിള നെല്ല് സംഭരണ പരിധിയിൽ മാറ്റംവരുത്തി സർക്കാർ. നിശ്ചിത പരിധിയിൽ കൂടുതൽ ഉൽപ്പാദിപ്പിച്ച നെല്ല് സംഭരിക്കുന്നതിനായി സാക്ഷ്യപത്രം നൽകാൻ കൃഷി ഓഫീസർമാർക്ക് പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസ് അനുമതി നൽകി. ഏക്കറിന് 2,200 കിലോ എന്ന പരിധിക്ക് മുകളിൽ നെല്ല് ഉൽപ്പാദിപ്പിച്ച കർഷകർക്ക് പഞ്ചായത്ത് തല ശരാശരി വിളവിന്റെ അടിസ്ഥാനത്തിൽ അധിക നെല്ല് സപ്ലൈകോയ്ക്ക് കൈമാറാം. ദൂരപരിധിയും നെല്ലിന്റെ അളവും ചൂണ്ടിക്കാട്ടി കരാറിലുള്ള മില്ലുകൾ സംഭരണം വൈകിപ്പിക്കുന്നതിനെ തുടർന്നാണ് നടപടി. ഇതോടെ, സർക്കാർ നിശ്ചയിച്ച തറവിലയേക്കാൾ കുറഞ്ഞ നിരക്കിൽ കർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് വിൽക്കേണ്ടി വരുന്നത് ഒഴിവാക്കാനാകും. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തിയ സർവേയിൽ ഇത്തവണ മികച്ച വിളവ് രേഖപ്പെടുത്തിയതിനെ തുടർന്ന് സംഭരണ നടപടി ഊർജിതമാക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് നെല്ലുസംഭരണം സുഗമമാക്കുന്നതിന് ജില്ലയിൽ നിയോഗിച്ച റാപ്പിഡ് റെസ്പോൺസ് ടീം സപ്ലൈകോയ്ക്കും കൃഷിവകുപ്പിനും റിപ്പോർട്ട് കൈമാറിയിരുന്നു. അധിക നെല്ല് സംഭരിക്കുന്നതിന് കർഷകർ കൃഷിഭവനുകളിൽ സത്യവാങ്മൂലം സമർപ്പിക്കണം. അതോടൊപ്പം ബന്ധപ്പെട്ട പാടശേഖരസമിതി പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറിയുടെ ശുപാർശ കത്തും ഹാജരാക്കേണ്ടതുണ്ട്. കർഷകർ നൽകുന്ന അപേക്ഷകൾ കൃഷി അസിസ്റ്റന്റുമാർ പരിശോധിച്ച് ശുപാർശ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർമാർ അധിക നെല്ല് സംഭരണത്തിനുള്ള സാക്ഷ്യപത്രം അനുവദിക്കുകയും ചെയ്യും. സപ്ലൈകോ പാഡി പ്രൊക്യൂർമെന്റ് അസിസ്റ്റന്റുമാർ നൽകുന്ന സ്ലിപ്പിലെ അളവ് കൃഷിഭവനുകളിൽ സാക്ഷ്യപ്പെടുത്തി നൽകും. വ്യാജമായ വിവരങ്ങൾ നൽകി ആനുകൂല്യം നേടാൻ ശ്രമിച്ചാൽ കർഷകർക്കും പാടശേഖരസമിതി ഭാരവാഹികൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ജില്ലയിൽ കൊയ്ത്ത് കഴിഞ്ഞ് കെട്ടിക്കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സപ്ലൈകോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
രണ്ടാംവിള: ശാസ്ത്രീയ വിള പരീക്ഷണം തുടങ്ങി
പാലക്കാട് ജില്ലയിലെ മുണ്ടകൻ നെൽകൃഷിയുടെ വിളവ് കൃത്യമായി കണക്കാക്കാൻ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നേതൃത്വത്തിൽ ശാസ്ത്രീയ വിളപരീക്ഷണങ്ങൾ തുടങ്ങി. ഇഎആർഎസ് 2025-–26 പദ്ധതിയുടെ ഭാഗമായാണ് പരിശോധന. തെരഞ്ഞെടുത്ത പാടശേഖരങ്ങളിൽ 25 ചതുരശ്ര മീറ്റർ അളവിലുള്ള പ്ലോട്ടുകൾ പ്രത്യേകം തിരിച്ച് നെല്ല് വിളവെടുത്താണ് വിളവ് കണക്കാക്കുന്നത്. ഇത് ജില്ലയിലെ മൊത്തം ഉൽപ്പാദനം കൃത്യമായി രേഖപ്പെടുത്താൻ സഹായിക്കുന്നു. കൃഷിഭവനുകൾ വഴി നെല്ല് സംഭരണത്തിനുള്ള അനുമതി നൽകുന്നതിനും അധിക വിളവ് സ്ഥിരീകരിക്കാനും ഈ ‘ക്രോപ് കട്ട് ഡാറ്റ' നിർണായകമാകും. വിളനാശം സംഭവിക്കുന്ന സാഹചര്യങ്ങളിൽ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനും ഈ കണക്കുകൾ സഹായിക്കും. പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരീക്ഷണം പുരോഗമിക്കുന്നത്.










0 comments