2,240 കർഷകരിൽനിന്നുകൂടി നെല്ലെടുത്തു

സ്വന്തം ലേഖിക
Published on Apr 29, 2026, 12:00 AM | 1 min read
പാലക്കാട്
ജില്ലയിൽ രണ്ടാംവിളയിൽ 2,240 കർഷകരിൽനിന്നുകൂടി നെല്ല് സംഭരിച്ചു. ഇതുവരെ 13,324 കർഷരിൽനിന്നായി 9,485 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. 14.4 കോടി രൂപ ഇതിനകം സഹകരണസംഘങ്ങൾ വഴി കർഷകർക്ക് വിതരണം ചെയ്തു. അധിക നെല്ല് സംഭരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസിന്റെ അനുമതി ലഭിച്ചതോടെ വരുംദിവസങ്ങളിൽ നെല്ലുസംഭരണം ഉൗർജിതമാകും. കൃഷിവകുപ്പിൽ 30 പേരെക്കൂടി ഫീൽഡ് സ്റ്റാഫായി നിയമിച്ചതോടെ പിആർഎസ് വിതരണം ചെയ്യുന്നതിലെ കാലതാമസം പരിഹരിക്കപ്പെട്ടിട്ടുണ്ട്. കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് കഴിഞ്ഞദിവസം സപ്ലൈകോയ്ക്ക് കത്തുനൽകിയിരുന്നു. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും ഫീൽഡ് സ്റ്റാഫുകളിലുണ്ടായ കുറവുമാണ് ഇക്കുറി നെല്ലുസംഭരണം വൈകിപ്പിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രണ്ടാംവിളയിൽ അധിക ഉൽപ്പാദനവുമുണ്ടായി.










0 comments