സംഭരണം വേഗത്തിലാക്കണമെന്ന് കർഷകസംഘം
രണ്ടാംവിള; 5,444 മെട്രിക് ടൺ നെല്ല് സംഭരിച്ചു

പാലക്കാട്
ജില്ലയിൽ രണ്ടാംവിള നെല്ലുസംഭരണത്തിൽ 10,684 കർഷകരിൽ നിന്നായി 5,444 മെട്രിക് ടൺ സംഭരിച്ചു. ആറുകോടി രൂപ കർഷകർക്ക് കൈമാറി. ഒമ്പത് കോടി ഇനി കൈമാറാനുണ്ട്. നെൽവില വിതരണം വേഗത്തിലാക്കണമെന്നും കെട്ടിക്കിടക്കുന്ന നെല്ല് കാലതാമസം കൂടാതെ സംഭരിക്കണമെന്നും കർഷകസംഘം ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഫീൽഡ് സ്റ്റാ-ഫുകളുടെ എണ്ണത്തിലുള്ള അഭാവവും സാങ്കേതിക പ്രശ്നങ്ങളുമാണ് നെല്ലെടുക്കുന്നത് വൈകാനിടയാക്കിയത്. 12 ഫീൽഡ് സ്റ്റാഫുകളെ അധികം നിയമിച്ച് നിലവിലെ പ്രതിസന്ധിക്ക് പരിഹരിച്ചു. 30 സ്റ്റാഫുകളെ കൂടി കൃഷിവകുപ്പിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സ്റ്റാഫുകളെത്തുന്നതോടെ സംഭരണം തുടങ്ങാത്ത ചിറ്റൂർ, മണ്ണാർക്കാട് മേഖലകളിലെ നെല്ലെടുപ്പ് സജീവമാകും. വിലവിതരണത്തിൽ കേരള ബാങ്ക് വായ്പയോടനുബന്ധിച്ച് സഹകരണബാങ്കുകളിലുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് കലക്ടർ സർക്കാരിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പ്രതിസന്ധികൾ ദ്രുതഗതിയിൽ പരിഹരിച്ച് സംഭരണം വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും നെല്ലെടുപ്പിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. മില്ലുകളിൽ ലോഡെടുക്കുന്നതിൽ അധികവും അന്തർ സംസ്ഥാന തൊഴിലാളികളാണ്. ഫീൽഡ് സ്റ്റാഫ് നിയമനത്തിന് ആവശ്യത്തിന് ഉദ്യോഗാർഥികൾ എത്താതിരുന്നതും വെല്ലുവിളിയായി.










0 comments