പുരസ്കാരത്തിളക്കത്തിൽ സഹകരണം
ജീവിതം സഹകരണം

പി എ ഉമ്മർ
സി പി മുഹമ്മദ് നൗഫൽ
Published on Jul 05, 2025, 12:39 AM | 2 min read
ചെർപ്പുളശേരി
അനുഭവമാണ് പി എ ഉമ്മർ എന്ന മുതിർന്ന സഹകാരിയുടെ കരുത്ത്. അറുപത് വർഷം സഹകരണമേഖലയിൽ നേതൃത്വംവഹിച്ച പഴക്കമുണ്ട് ഈ എൺപത്തിമൂന്നുകാരന്. കേരള ബാങ്ക് എന്ന ആശയത്തിന്റെ പിന്നണി പോരാളി. നിലവിൽ കേരള ബാങ്ക് ഉപദേശക സമിതി അംഗം. കെഎസ്ആർടിസിക്ക് ഡീസൽ നൽകാൻ ഐഒസി പോലും വിസമ്മതിച്ച കാലത്ത് പൊതുമേഖല സ്ഥാപനത്തിന് വായ്പ അനുവദിച്ച് ചരിത്രം കുറിച്ചത് ഉദാഹരണം മാത്രം. അട്ടപ്പാടിയിലെ ആദിവാസികൾക്കായി പ്രത്യേക വായ്പ പദ്ധതി തയ്യാറാക്കിയതും കുടുംബശ്രീ മുഖേന ‘വീട്ടു മുറ്റത്തൊരു ബാങ്ക്’ പദ്ധതി നടപ്പാക്കിയതും അദ്ദേഹം ജില്ലാ ബാങ്ക് പ്രസിഡന്റായിരിക്കെയാണ്. കേരളത്തിലെ കാർഷിക വായ്പാ സംഘങ്ങളെയും കാർഷിക വികസന ബാങ്കുകളെയും കുറിച്ച് പഠിച്ച് വായ്പ വിതരണം മെച്ചപ്പെടുത്തുന്നതിനും സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്നു. നെതർലാൻഡിലെയും ജർമനിയിലെയും കാർഷിക വായ്പ സംവിധാനങ്ങളെക്കുറിച്ച് സഹകരണ പ്രസ്ഥാനത്തെക്കുറിച്ചും പഠിക്കാൻ റിസർവ്ബാങ്ക് അയച്ച പ്രതിനിധി സംഘത്തിൽ അംഗമായി. 2007ൽ എറണാകുളത്ത് നടന്ന സഹകരണ കോൺഗ്രസിൽ കേരള ബാങ്ക് എന്ന ആശയം പ്രമേയമായി അവതരിപ്പിച്ചു. ചെർപ്പുളശേരിയിലെ ഇടത്തരം കർഷകകുടുംബത്തിൽ പത്തായത്തിങ്കൽ അലിയുടെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഉമ്മറിന്റെ പഠനം നാലാം ക്ലാസോടെ നിലച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ പരിയാപുരം പാൽ സൊസൈറ്റിയിലെ വിതരണക്കാരനായി. ഏഴ് വർഷത്തെ അനുഭവങ്ങൾവച്ച് ഡയറിഫാം തുടങ്ങി സംരംഭകനായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1967ൽ ജില്ലാ കമ്മിറ്റി അംഗം. 1973ൽ ചെർപ്പുളശേരി അർബൻ ബാങ്ക് ഡയറക്ടർ, അടിയന്തരാവസ്ഥക്കാലത്ത് 1976ൽ പെരിന്തൽമണ്ണ ഭൂപണയ ബാങ്ക് ഡയറക്ടർ, ചെർപ്പുളശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായി 31 കൊല്ലം എന്നിങ്ങനെ പ്രവർത്തിച്ചു. ഇരുപത് വർഷം സർവീസ് ബാങ്ക് പ്രസിഡന്റായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിനുള്ള ആദ്യത്തെ കേന്ദ്ര സർക്കാരിന്റെ അവാർഡ് ചെർപ്പുളശേരി സഹകരണ ബാങ്കിന് ലഭിച്ചത് ഇദ്ദേഹം ഡയറക്ടറാകുന്ന കാലത്താണ്. ചെർപ്പുളശേരി ക്ഷീര സഹകരണ സംഘം, കാറൽമണ്ണ ക്ഷീര സഹകരണ സംഘം, ശ്രീകൃഷ്ണപുരം ബ്ലോക്ക് ഭവന നിർമാണ സംഘം തുടങ്ങി ഒട്ടേറെ സഹകരണ സംഘങ്ങളുടെ ഭരണത്തിൽ ഉമ്മറിന്റെ കൈയൊപ്പുണ്ട്. ചെർപ്പുളശേരി സഹകരണ ആശുപത്രി സ്ഥാപകരിലൊരാളാണ്. ആശുപത്രിയുടെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും അഞ്ചുവർഷം വീതം പ്രവർത്തിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെ ജില്ലാ അസോസിയേഷന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ഉമ്മർ സംസ്ഥാന സഹകരണ വികസന ക്ഷേമ ഫണ്ട് ബോർഡിന്റെ ചെയർമാനായിരുന്നു–- 12 വർഷം. ഭാര്യ: കെ പി ആയിഷ. മക്കൾ: സലീം, ഷാജി, ഷാബു, ഷീജ.









0 comments