20 മൊബൈൽ ഫോൺ പിടിച്ചെടുത്തു
ഓപ്പറേഷൻ പി ഹണ്ട്: 19 പേർ അറസ്‌റ്റിൽ

പാലക്കാട്
ഓൺലൈനിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ നടത്തിയ ‘പി- ഹണ്ട്' പരിശോധനയിൽ 19 പേർ അറസ്‌റ്റിൽ. 20 മൊബൈൽ ഫോൺ പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി നടത്തിയ നടപടികളുടെ ഭാഗമായാണ് ജില്ലയിലെ പരിശോധന. കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാണുക, ഡൗൺലോഡ് ചെയ്യുക, സൂക്ഷിക്കുക, പങ്കുവയ്‌ക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തവരാണ് അറസ്റ്റിലായത്. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. വിവരസാങ്കേതികവിദ്യാ നിയമവും പോക്സോ നിയമവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്-പി ഡിസിആർബി മണി, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ നിപുൺ ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മുൻകാലങ്ങളിലെ കർശന നടപടികൾ കാരണം നിലവിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ കുറവ് വന്നതായി ജില്ലാ പൊലീസ് അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.









0 comments