ad
Deshabhimani

പനിപിടിച്ച്‌ ഓണക്കാലം

Fever
avatar
സ്വന്തം ലേഖകൻ

Published on Aug 24, 2026, 02:00 AM | 1 min read


പാലക്കാട്‌

ഓണാഘോഷ നിറവിലും പനിച്ചുപൊള്ളി ജില്ല. 21 ദിവസത്തിൽ പനിബാധിച്ചവരുടെ എണ്ണം 19,766. സ്വകാര്യ ആശുപത്രികളിലെയും ക്ലീനിക്കുകളിലെയും കണക്കെടുത്താൻ 20,000ത്തിന്‌ മുകളിലേക്ക്‌ ഉയരും. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്‌ ഇക്കാലയളവിൽ 350 പേരാണ്‌ വിവിധ ആശുപത്രികളിൽ കിടത്തിച്ചികിത്സയിലുള്ളത്‌. ഡെങ്കിപ്പനി വ്യാപനത്തിൽനിന്ന്‌ ജില്ല മുക്തിനേടിയിട്ടില്ല. ഇ‍ൗ മാസം 160 ഡെങ്കിപ്പനി കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. ഇ‍ൗ മാസം ആദ്യ ആഴ്‌ചയിൽ ചിറ്റൂർ എരുത്തേമ്പതിയിൽ ഒമ്പതാം ക്ലാസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. മെയ്‌ പകുതിമുതൽ ഇതുവരെ ഏഴുപേരാണ്‌ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്‌. പകർച്ചവ്യാധി വ്യാപനം രൂക്ഷമായശേഷം നാലുപേർ എലിപ്പനി ബാധിച്ചും മൂന്നുപേർ എച്ച്‌1 എൻ1 ബാധിച്ചും ഒരാൾ ഷിഗല്ല ബാധിച്ചും മരിച്ചു. ഇടവിട്ടുള്ള മഴയും ചൂടും കലർന്ന കാലാവസ്ഥയിൽ ചുമയുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിപ്പിച്ചു. കഫം ഇല്ലാത്ത വരണ്ട ചുമയും കഫത്തോടുകൂടിയ ചുമയും ബാധിച്ചവരുണ്ട്‌. ഏതുതരം ചുമയാണെങ്കിലും രണ്ടാഴ്‌ചയിൽ വിട്ടുമാറിയില്ലെങ്കിൽ ഉടൻ വൈദ്യസഹായം തേടണം. ചുമയ്‌ക്കുമ്പോൾ രക്തം വരിക, ചുമച്ച്‌ ശ്വാസം നിലയ്‌ക്കുക, തലകറങ്ങുക, ബോധക്ഷയം, നെഞ്ചുവേദന, കടുത്ത പനി തുടങ്ങിയ സാഹചര്യമുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ നിർദേശം തേടണം. ജില്ലയിൽ പനി നിരക്ക്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ആവശ്യത്തിന്‌ ഡോക്ടർമാരില്ലാത്തതും സായാഹ്ന ഒപികൾ നിർത്തലാക്കിയതും രോഗികളെ വലയ്‌ക്കുന്നുണ്ട്‌. പാലക്കാട്‌ മെഡിക്കൽ കോളേജിൽ പ്രത്യേക പനി ഒപി തുറക്കണമെന്ന ആവശ്യവും ഫലം കണ്ടില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home