ad
Deshabhimani

പൂക്കാരത്തെരുവിൽ ഉത്സവകാലം

പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ പൂവ്  മാർക്കറ്റ്
വെബ് ഡെസ്ക്

Published on Aug 16, 2026, 12:47 AM | 1 min read

പാലക്കാട്‌

ഓണക്കാലം വർണാഭമാക്കാൻ പൂക്കാരത്തെരുവൊരുങ്ങി. പാലക്കാട്‌ നഗരത്തിലെ മേട്ടുപ്പാളയം സ്‌ട്രീറ്റാണ്‌ പൂക്കൾകൊണ്ട്‌ നിറഞ്ഞത്‌. ജില്ലയിലെ ഏറ്റവുംകൂടുതൽ പൂവ്‌ വിൽക്കുന്ന ചന്തയാണ്‌ മേട്ടുപ്പാളയം സ്‌ട്രീറ്റ്‌ അഥവാ പൂക്കാരത്തെരുവ്‌. പേരിനുപിന്നിലുമുണ്ട്‌ പൂക്കളുടെയും കച്ചവടത്തിന്റെയും സുഗന്ധമുള്ള കഥ. ഉ‍ൗട്ടിക്കടുത്ത്‌ പൂവ്‌ കൃഷിക്ക്‌ പേരുകേട്ട പ്രദേശമാണ്‌ മേട്ടുപ്പാളയം. ഇവിടെനിന്ന്‌ പണ്ടുമുതൽതന്നെ പാലക്കാട്ടേക്ക്‌ പൂക്കളെത്തിയിരുന്നു. ഇങ്ങനെ മേട്ടുപ്പാളയം സ്‌ട്രീറ്റെന്ന പേരുവന്നു. പൂക്കാരുടെ തെരുവ്‌ പിന്നീട്‌ പൂക്കാരത്തെരുവായി. ചെറുതും വലുതുമായി 25 കടയാണ്‌ ഇവിടെയുള്ളത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക്‌ ഇവിടെനിന്നാണ്‌ പ്രധാനമായും പൂക്കൾ കൊണ്ടുപോകുന്നത്‌. ഓണക്കാലമായതോടെ വിൽപ്പന ഇരട്ടിയായി. തമിഴ്നാട്ടിലെ സത്യമംഗലം, ഗുണ്ടൽപേട്ട്, മധുര, സേലം, കോയന്പത്തൂർ, ദിണ്ടിഗൽ, കർണാടകയിലെ ബംഗളൂരു, ഹൊസൂർ എന്നിവിടങ്ങളിൽനിന്നാണ് പൂക്കൾ പ്രധാനമായും എത്തുന്നത്‌. ഇത്തവണ പൂക്കൾക്ക്‌ വില കൂടുതലാണ്‌. തമിഴ്‌നാട്ടിലെ മഴക്കുറവ്‌ പൂവ്‌കൃഷിയെ കാര്യമായി ബാധിച്ചു. ഓറഞ്ച്‌, മഞ്ഞ നിറമുള്ള ചെണ്ടുമല്ലിക്ക്‌ 100 രൂപ മുതലാണ്‌ വില. വാടാമല്ലിക്ക്‌ 180 മുതലും ലില്ലിക്ക്‌ 300 മുതലുമാണ്‌ വില തുടങ്ങുന്നത്‌. വെള്ള ജമന്തി 300–350 രൂപ. അരളിക്ക്‌ 360–380 രൂപ. തെച്ചിക്ക്‌ 360 ഉം തുളസി 100 ര‍ൂപയുമാണ്‌. വെള്ള, പിങ്ക്‌, ചുവപ്പ്‌ റോസാപ്പൂക്കൾക്ക്‌ 280–300 രൂപവരെ വിലയുണ്ട്‌. മുല്ലപ്പൂവിന്‌ കിലോയ്‌ക്ക്‌ 900 രൂപയാണ്‌. സൂചി മുല്ലയാണെങ്കിൽ 600 രൂപ. പ്ലാസ്‌റ്റിക്കിൽ നിർമിച്ച റെഡിമെയ്‌ഡ്‌ പൂക്കളത്തിനും ആവശ്യക്കാരേറെ. ഒന്നിലധികം തവണ ഉപയോഗിക്കാമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. വരും ദിവസങ്ങളിൽ വിവിധ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും കോളേജിലും അത്തപ്പൂക്കള മത്സരം തുടങ്ങുന്നതോടെ പൂക്കാരത്തെരുവിൽ ഇനിയും തിരക്കേറും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home