സൈപ്പറസ് കാൽക്കുലോസസ് - പശ്ചിമഘട്ട നദീതീരങ്ങളിൽ പുതിയ സസ്യം

സൈപ്പറസ് പുല്ല്
ആർ ജനാർദനൻ
Published on May 22, 2026, 12:51 AM | 1 min read
കുഴൽമന്ദം
പശ്ചിമഘട്ട നദീതീരങ്ങളിൽ പുതിയ സസ്യവർഗത്തെക്കൂടി മലയാളി ഗവേഷകർ കണ്ടെത്തി. പുല്ല് വർഗത്തിൽപ്പെടുന്ന സൈപ്പറേസി കുടുംബത്തിലെ സൈപ്പറസ് ജനുസ്സിലാണ് പുതിയ സസ്യം കണ്ടെത്തിയത്. നദികളിലെ ഉരുളൻ കല്ലുകളും മണലും നിറഞ്ഞ തടങ്ങളിലാണ് ഇവ വളരുന്നത് എന്നതിനാൽ ‘സൈപ്പറസ് കാൽക്കുലോസസ്' എന്നാണ് പേര് നൽകിയത്. ലത്തീൻ ഭാഷയിൽ ‘ചെറിയ കല്ല്' എന്നർത്ഥം വരുന്ന ‘കാൽക്കുലസ്' എന്ന വാക്കിൽനിന്നാണ് ഈ പേരിന്റെ ഉത്ഭവം. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷക എ എ മുഹ്സിന, തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. മായ സി നായർ, എറണാകുളം മാലിയങ്കര എസ്എൻഎം കോളേജിലെ റിട്ട. അധ്യാപകൻ ഡോ. സി എൻ സുനിൽ എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ. ഫിൻലൻഡിൽനിന്നുള്ള അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘അനെൽസ് ബൊട്ടാനിസി ഫെന്നിസി'ൽ ഇവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു. പെരിയാർ, കുന്തിപ്പുഴ, ഭവാനിപ്പുഴ നദീതടങ്ങളിലെ ഒഴുക്കുള്ള പ്രദേശങ്ങളിലാണ് ഈ സസ്യം കണ്ടെത്തിയത്. ‘സൈപ്പറസ് പാൻഗോറെയ്' എന്ന ഇനവുമായി രൂപസാദൃശ്യമുണ്ടെങ്കിലും കനം കുറഞ്ഞ തണ്ട്, നീളമുള്ള ഇല, തൂങ്ങിക്കിടക്കുന്ന പൂങ്കുലകൾ തുടങ്ങിയവ ഇതിനെ വേറിട്ടുനിർത്തുന്നു.










0 comments