ad
Deshabhimani

നെന്മാറ ഇരട്ടക്കൊലക്കേസ്‌

ചെന്താമര കുറ്റക്കാരൻ, ശിക്ഷ നാളെ

നെന്മാറ  ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ കോടതിയിൽനിന്ന്  പുറത്തേക്ക് കൊണ്ടുപോകുന്നു
വെബ് ഡെസ്ക്

Published on Jul 14, 2026, 02:00 AM | 1 min read

സ്വന്തം ലേഖകൻ

പാലക്കാട്‌

നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമര കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തി. തിരുത്തന്പാടം സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി ചെന്താമര (ചെന്താമരാക്ഷൻ–60) കുറ്റക്കാരനെന്നാണ്‌ പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത്‌ ജോർജ്‌ കണ്ടെത്തിയത്‌. ശിക്ഷാവിധിയിൽ നാളെ വാദം കേൾക്കും. ഇരട്ടക്കൊലപാതകത്തിന്‌ (ബിഎൻഎസ്‌ 103–1), സുധാകരനെ തടഞ്ഞുവച്ചതിന്‌ (ബിഎൻഎസ്‌ 126–2) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്‌. 2025 ജനുവരി 27നാണ്‌ കേസിനാസ്‌പദമായ സംഭവം. സുധാകരന്റെ ഭാര്യ സജിത(35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമര ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ഇരട്ടക്കൊലപാതകം. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. 2019 ആഗസ്ത് 31നാണ് സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. ആദ്യകൊലപാതകത്തിൽ 2025 ഒക്‌ടോബർ 15നാണ്‌ ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷവിധിച്ചത്‌. ചെന്താമര പ്രതിയായ ആദ്യ കേസിൽ വിധിപറഞ്ഞ പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത്‌ ജോർജാണ്‌ രണ്ടാമത്തെ കേസിലും വിധിപറയുന്നത്‌ എന്ന അപൂർവതയുമുണ്ട്‌. എം ജെ വിജയകുമാറാണ്‌ രണ്ട്‌ കേസുകളിലും പബ്ലിക്‌ പ്രോസിക്യൂട്ടർ. ചുരുങ്ങിയ കാലയളവിൽ 132 സാക്ഷികളിൽനിന്ന്‌ പ്രോസിക്യൂഷൻ തെളിവിലേയ്ക്കാവശ്യമായ 81 സാക്ഷികളെയും 91 രേഖകളും 28 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ലെയ്‌സൺ ഓഫീസർ ഗ്രേഡ്‌ എഎസ്‌ഐ കെ ജിനപ്രസാദും പ്രോസിക്യൂഷൻ സെല്ലിലെ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസറായ എസ്‌ഐ രമേഷും നെന്മാറ പൊലീസ്‌ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ ശിവദാസനും പ്രോസിക്യൂഷനെ സഹായിച്ചു. ആലത്തൂർ ഡിവൈഎസ്‌പി മുരളീധരന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, എസ്‌ഐ ആർ രാജേഷ്, ഗ്രേഡ്‌ എസ്‌ഐ സന്തോഷ്‌, എഎസ്‌ഐമാരായ രാജേഷ്, കൃഷ്‌ണദാസ്‌, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ ഷിബിൻ, ശിവപ്രകാശ്‌, സിവിൽ പൊലീസ്‌ ഓഫീസർ വിനു എന്നിവരാണ്‌ കേസ്‌ അന്വേഷിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home