ad
Deshabhimani

നെന്മാറ ഇരട്ടക്കൊലക്കേസ്

തൂക്കിക്കൊല്ലണമെന്ന്‌ സുധാകരന്റെ മക്കൾ

കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ അതുല്യയും അഖിലയും കോടതിവളപ്പിൽ മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരയുന്നു
വെബ് ഡെസ്ക്

Published on Jul 14, 2026, 02:00 AM | 3 min read

പാലക്കാട്‌

നെന്മാറ ഇരട്ടക്കൊലക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു. തക്കതായ ശിക്ഷ കൊടുക്കണം. അച്ഛനും അമ്മയും അച്ഛമ്മയും അനുഭവിച്ച വേദന അയാളും അനുഭവിക്കണം. കോടതിയിൽ അയാൾ പറയുന്നത്‌ കേട്ട്‌ പേടി തോന്നി. അയാള്‍ക്ക് ഒന്നിനെയും പേടിയില്ല. പരമാവധി ശിക്ഷ നല്‍കണമെന്നും അവർ പറഞ്ഞു.


സര്‍ക്കാര്‍ ജോലി നല്‍കണം

നെന്മാറ ഇരട്ടക്കൊലക്കേസില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യക്കും അഖിലയ്‌ക്കും സർക്കാർ ജോലി നൽകണമെന്ന്‌ കൊല്ലപ്പെട്ട സജിതയുടെ സഹോദരി സരിത പറഞ്ഞു. ‘എന്റെ മക്കൾക്ക്‌ അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയതാണ്‌ ചെന്താമര. അവർക്കിനി ആരുമില്ല. അവരെ സർക്കാർ ഏറ്റെടുക്കണമെന്നാണ്‌ അപേക്ഷ. കുട്ടികൾക്ക്‌ എന്നും പേടിയാണ്‌.'– അവർ പറഞ്ഞു.


കോടതി തെളിവുകളുടെ വിശദാംശങ്ങളിലേക്ക്‌ കടന്നില്ല: പ്രതിഭാഗം

പാലക്കാട്‌

നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കോടതി തെളിവുകളുടെ വിശദാംശങ്ങളിലേക്ക്‌ കടന്നിട്ടില്ലെന്ന്‌ പ്രതിഭാഗം അഭിഭാഷകൻ ജേക്കബ്‌ മാത്യു പറഞ്ഞു. കോടതി ആഴത്തിലുള്ള തെളിവ് പരിശോധന നടത്തിയിട്ടില്ല. മാധ്യമങ്ങളാണ്‌ കോടതിയെ സ്വാധീനിച്ചത്‌. മാധ്യമ വിചാരണ കോടതിയെ എത്രത്തോളം സ്വാധീനിക്കാറുണ്ടെന്ന്‌ എല്ലാവർക്കുമറിയാം. ഇങ്ങനെ പറയുന്നത്‌ കോടതിയലക്ഷ്യമല്ല. റിപ്പോർട്ടുകൾ ജഡ്‌ജിമാരെ സ്വാധീനിക്കും. അവരും സാധാരണ മനുഷ്യരാണ്‌. ഒന്നര വര്‍ഷമായി ജയിലില്‍ കഴിഞ്ഞ് മാധ്യമവിചാരണ നേരിട്ട പ്രതിതന്നെ തൂക്കിക്കൊന്നോളൂ എന്ന്‌ പറയുന്നതിന്‌ വലിയ പ്രാധാന്യമില്ല. മാധ്യമങ്ങളോടുള്ള പ്രതിയുടെ എതിർപ്പാണ് കോടതിയിൽ കണ്ടത്. ഇത്‌ അന്തിമവിധിയല്ല. അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.


വധശിക്ഷ നൽകുമെന്നാണ്‌ പ്രതീക്ഷ: പ്രോസിക്യൂട്ടർ

പാലക്കാട്‌

നെന്മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ പ്രതി ചെന്താമരയ്‌ക്ക്‌ കോടതി വധശിക്ഷ നല്‍കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. എം ജെ വിജയകുമാർ പറഞ്ഞു. പ്രോബേഷന്‍ ഓഫീസര്‍, സൈക്കോളജിസ്റ്റ് എന്നിവരുടെ റിപ്പോര്‍ട്ട് കോടതി തേടിയിരുന്നു. പ്രതിക്ക് കുറ്റബോധമില്ല. അതുകൊണ്ടുതന്നെ പുനരധിവാസത്തിന് അര്‍ഹനല്ല. മാനസികമായി പ്രശ്‌നമില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്‌. എല്ലാവാദങ്ങളും അംഗീകരിച്ച വിധിയാണ്. അതിൽ സന്തോഷമുണ്ട്‌. മാധ്യമവാര്‍ത്തകള്‍ കോടതിയെ സ്വാധീനിച്ചെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം ബാധകമല്ല. കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിധിപറയുക. സാഹചര്യ തെളിവുകള്‍, സാക്ഷി മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ട്, മെഡിക്കല്‍ തെളിവുകൾ എല്ലാം പ്രധാന ഘടകങ്ങളായി കോടതി പരിഗണിച്ചു. പൊലീസിന്‌ കൃത്യമായി തെളിവുകൾ ഹാജരാക്കാനായി. കൂറുമാറിയവര്‍ക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് പരിശോധിക്കും. ഇത്തരം കേസുകളിൽ പരോൾ കിട്ടാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.


‘എന്നെ തൂക്കിക്കൊല്ലാൻ വിധിക്ക്‌’

പാലക്കാട്‌

നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന്‌ വിധിച്ച ജഡ്‌ജി കെന്നത്ത്‌ ജോർജ് ചെന്താമരയോട്‌ ചോദിച്ചു: ‘എന്തെങ്കിലും പറയാനുണ്ടോ’? ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. ‘വധശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കേസാണല്ലോ?’ ‘എന്നെ തൂക്കിക്കൊല്ലാൻ വിധിക്ക്‌’. ‘എന്താണ്‌ ജോലി?’ ‘ഭാരത്‌ പെട്രോളിയത്തിന്റെ ടാങ്കർ ഡ്രൈവർ.’ ‘ഏതുവരെ പഠിച്ചു?’ ‘എട്ടാംക്ലാസ്‌.’ ‘ജയിച്ചോ?’ ‘ഇല്ല.. അധ്യാപകനെ തല്ലിയവനെ എങ്ങനെ ജയിപ്പിക്കാനാണ്‌.’ ‘ഭാര്യയും മക്കളുമായി ബന്ധമുണ്ടോ?’ ‘ജയിലിൽക്കിടക്കുന്നവനെ ആരുകാണാൻ വരാൻ. ഒരു ബന്ധവുമില്ല. ’ ‘എത്ര വർഷം ജയിലിൽ കിടന്നു ?’ ‘കൃത്യമായി അറിയില്ല. ഒന്നേകാൽ വർഷമായെന്ന്‌ തോന്നുന്നു. ’ ‘ജയിലിൽനിന്നിറങ്ങിയാൽ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണല്ലോ റിപ്പോർട്ട്‌’? ‘ഞാൻ ഇതുവരെ ജാമ്യത്തിനുപോലും കൊടുത്തിട്ടില്ല.. ഞാനായിട്ട്‌ അങ്ങോട്ട്‌ പോകില്ല. ഇങ്ങോട്ട്‌ വന്നാൽ വിടുകയുമില്ല.. ഗാന്ധിജിയൊന്നുമല്ലല്ലോ..’ ‘കുറ്റബോധമുണ്ടോ?’ ‘അവനവന് വന്നാലേ വേദന മനസ്സിലാകൂ .. നിങ്ങൾക്ക്‌ വന്നിട്ടില്ലല്ലോ.. ’ ‘മാനസിക പ്രശ്‌നങ്ങളൊന്നുമില്ലല്ലോ?’ ‘ഉണ്ടെന്ന്‌ ആരാ പറഞ്ഞത്‌. കള്ളന്മാരെയും വഞ്ചകരെയും എനിക്ക്‌ ഇഷ്ടമല്ല. അതുകൊണ്ടാണ്‌ സഹതടവുകാരെ ഇഷ്ടമല്ലാത്തത്‌.’ ഇതായിരുന്നു ജഡ്‌ജിയുടെ ചോദ്യങ്ങൾക്ക്‌ ചെന്താമര കോടതിയിൽ നൽകിയ മറുപടി.


പൊലീസിന്‌ ഗുരുതര സുരക്ഷാ വീഴ്‌ച

ചെന്താമരയെ കൊണ്ടുവന്ന 
വാഹനം കേടായി

പാലക്കാട്‌

ഇരട്ടക്കൊലയുൾപ്പെടെ മൂന്ന്‌ കൊലപാതകം നടത്തിയ ചെന്താമരയെ കൊണ്ടുവന്ന പൊലീസ്‌ വാഹനം കോടതി വളപ്പിൽ കേടായി. പൊലീസുകാർ തള്ളിയാണ്‌ വണ്ടി സ്റ്റാർട്ടാക്കിയത്‌. ഗുരുതര സുരക്ഷാ വീഴ്‌ചയാണ്‌ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്‌. തിങ്കൾ പകൽ 12.30നാണ്‌ സംഭവം. പകൽ 11ന്‌ കോടതി ചേർന്ന ഉടനെ ജഡ്‌ജ്‌ കെന്നത്ത്‌ ജോർജ്‌ കേസ്‌ വിളിച്ചു. കുറ്റക്കാരനെന്ന്‌ കണ്ടെത്തിയശേഷം ചെന്താമരയെ തിരികെ ജയിലിൽ കൊണ്ടുപോകുന്നതിനിടെയാണ്‌ വാഹനം കേടായത്‌. വാഹനം സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട്‌ പുറത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തള്ളുകയായിരുന്നു. പ്രതി വാഹനത്തിൽ ഇരിക്കുമ്പോഴാണിത്‌. കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയും ഉൾപ്പടെയുള്ളവർ ഇ‍ൗ സമയം കോടതിയിൽ ഉണ്ടായിരുന്നു. കൊലപാതകംപോലുള്ള കേസുകളിൽ അതീവ സുരക്ഷ പാലിക്കണമെന്നാണ്‌ പൊലീസിലെ നിയമം. പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യത, പ്രതികൾക്കുനേരെയുള്ള ആക്രമണം തുടങ്ങിയവ ഒഴിവാക്കുകയാണ്‌ ലക്ഷ്യം. പ്രതികളെ കൊണ്ടുപോകുംമുന്പ്‌ ഉപയോഗിക്കുന്ന വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത്‌ പൊലീസിന്റെ ചുമതലയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home