ad
Deshabhimani

കർഷകന്‌ ഉടൻപണം

നെല്ലുസംഭരണം ഇന്ന്‌ തുടങ്ങും

paddy fields
avatar
സ്വന്തം ലേഖിക

Published on Feb 14, 2026, 01:31 AM | 1 min read

പാലക്കാട്

ജില്ലയിൽ രണ്ടാംവിളയിൽ സഹകരണസംഘങ്ങൾ വഴിയുള്ള നെല്ലുസംഭരണത്തിന്‌ തുടക്കം. ശനിയാഴ്‌ച ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിലെ നെല്ല് സംഭരിക്കും. ഇത്‌ സംബന്ധിച്ച്‌ അതത്‌ കൃഷി ഓഫീസർമാർക്ക്‌ നിർദേശം നൽകി. നെല്ലെടുത്താലുടൻ കർഷകന്‌ പണംലഭിക്കുന്ന സഹകരണ മാതൃക സംസ്ഥാനത്ത്‌ ആദ്യമായി ജില്ലയിലാണ്‌ നടപ്പാക്കുന്നത്‌. 67 സഹകരണ സംഘങ്ങളാണ്‌ ജില്ലയിൽ നെല്ലെടുക്കുക. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള യോഗത്തിനുശേഷം താലൂക്ക്‌ അടിസ്ഥാനത്തിൽ സംഘങ്ങൾക്ക്‌ പഞ്ചായത്തുകൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്‌ വ്യാഴാഴ്‌ച പുറത്തിറങ്ങി. നെല്ല്‌ അളന്ന്‌ പിആർഎസ്‌ ലഭിച്ചയുടൻ കർഷകർക്ക്‌ അതത്‌ സഹകരണ ബാങ്കുകളിലെത്തി കാലതാമസമില്ലാതെ 30 രൂപ സംഭരണനിരക്കിൽ പണം കൈപ്പറ്റാം. ഓരോ താലൂക്കിലും നെല്ല്‌ സംഭരിക്കുന്നതിന്‌ ഫെസിലിറ്റി സെന്ററുണ്ടാകും. സംഘങ്ങൾ സംഭരിക്കുന്ന നെല്ല്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ ഏറ്റെടുക്കും. പണമില്ലാത്ത സംഘങ്ങൾക്ക്‌ ആവശ്യമായ തുക കേരള ബാങ്ക്‌ നൽകും. ഇതിന്റെ പലിശ സർക്കാർ വഹിക്കും. നെല്ല്‌ സംഭരണത്തിൽ സംഘങ്ങൾക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ട്‌ ഉണ്ടായാൽ സർക്കാർ ഇടപെടും. സിവിൽ സപ്ലൈസ്‌ കോർപറേഷനുമായി 36 മില്ലുകാരും കരാർ ഒപ്പിട്ടിട്ടുണ്ട്‌. രണ്ടാംവിളയിൽ, കൊയ്‌ത്തുകഴിഞ്ഞ കർഷകർക്ക്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ്‌ സംഭരണം വേഗത്തിലാക്കിയത്‌. ഉത്സവം നടക്കുന്ന പാടങ്ങളിലെ സംഭരണം വേഗത്തിലാക്കി ഒരുക്കങ്ങൾക്കുള്ള സ‍ൗകര്യം ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്‌. ഒന്നാംവിളയിൽ മില്ലുടമകൾ സൃഷ്ടിച്ച പ്രതിസന്ധി ഒഴിവാക്കാനാണ്‌ സഹകരണസംഘങ്ങൾ വഴി നെല്ലെടുക്കാൻ മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനമായത്‌. ജില്ലയിൽ പ്രാരംഭമായി നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ്‌ സർക്കാർ തീരുമാനം. ഇതുവരെ 58,719 കർഷകരാണ്‌ ജില്ലയിൽ രണ്ടാംവിള സംഭരണത്തിന്‌ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home