നെല്ലുസംഭരണം പുരോഗമിക്കുന്നു
വില വിതരണം വൈകാൻകാരണം സാങ്കേതികപ്രശ്നം

സ്വന്തം ലേഖിക
Published on Feb 28, 2026, 12:44 AM | 1 min read
പാലക്കാട്
ജില്ലയിൽ നെല്ലുസംഭരണം പുരോഗമിക്കുമ്പോൾ സംഘങ്ങൾ വഴിയുള്ള വിലവിതരണം വൈകുന്നത് സാങ്കേതിക പ്രശ്‌നം കാരണം. നെല്ലെടുത്താലുടൻ സഹകരണ സംഘങ്ങൾ വഴി തുക കൈമാറാൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപ്പാക്കുന്നതിലെ സാങ്കേതിക പ്രശ്നമാണ് വൈകുന്നതിന് പിന്നിൽ. ഇതുസംബന്ധിച്ചുള്ള ഉത്തരവും നിർദേശങ്ങളും ധനവകുപ്പിന്റെ പരിഗണനയിലാണ്. എസ്‌ബിഐ, കനറാ ബാങ്കുകൾ വഴി കർഷകരുടെ അക്കൗണ്ടുകളിലേക്കാണ് നേരത്തേ തുക കൈമാറിയിരുന്നത്. നിലവിലെ തീരുമാനമനുസരിച്ച് തുക കൈമാറാൻ സംഘങ്ങളിൽ അക്കൗണ്ട് തുടങ്ങണമോയെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. സംഘങ്ങൾ വഴി അക്കൗണ്ട് വിവരങ്ങളില്ലാതെ എങ്ങനെ തുക കൈമാറണമെന്ന് ആശങ്കയുള്ളതിനാൽ സപ്ലൈകോ രസീതുകൾ നൽകിത്തുടങ്ങിയിട്ടില്ല. പിആർഎസുകൾ അതത് പഞ്ചായത്തുകളിൽ അനുവദിച്ചി സംഘങ്ങളിൽ ഏൽപ്പിച്ചാൽ ഉടൻ തുക കൈമാറണമെന്നും സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസും കേന്ദ്രത്തിന്റെ താങ്ങുവിലയും അടങ്ങുന്ന ഇൗ തുക പിന്നീട് സപ്ലൈകോ സംഘങ്ങൾക്ക് കൈമാറണമെന്നുമായിരുന്നു സർക്കാർ നിർദേശം. പ്രാഥമിക സംഘങ്ങൾക്ക് ഐഎഫ്‌എസ്‌സി കോഡ് ഉൾപ്പെടെയില്ലാത്തതിനാൽ കേരള ബാങ്ക് വഴി കൈമാറി സാങ്കേതിക പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. പിആർഎസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നതും മിനിമം ബാലൻസ് ഉൾപ്പെടെ ബാങ്കുകളിൽനിന്ന് പണം ലഭിക്കാനുള്ള കാലതാമസവും ചൂഷണവും ഒഴിവാക്കാനുമാണ് സംഘങ്ങൾ മുഖേന നെല്ലെടുക്കാമെന്ന് തീരുമാനിച്ചത്. സംഘങ്ങൾ നേരിട്ട് സംഭരിക്കാനായിരുന്നു ആദ്യ നിർദേശമെങ്കിലും രണ്ടാംവിള കൊയ്‌ത്ത് ആരംഭിച്ചതിനാലും സംഭരിച്ചുവയ്ക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചുമാണ് സപ്ലൈകോ മുഖേന നെല്ലുസംഭരിച്ചുതുടങ്ങിയത്.










0 comments