നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം
ജില്ലയിൽ 7,540 കർമസേന അംഗങ്ങൾ

സ്വന്തം ലേഖകൻ
പാലക്കാട്
വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തെ നയിക്കാനുള്ള -വികസന–ക്ഷേമ പഠന പരിപാടി "നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുക 7,540 കർമസേന അംഗങ്ങൾ. നവകേരളം സാധ്യമാക്കാനാവശ്യമായ അഭിപ്രായങ്ങളും നിർദേശങ്ങളും ജനങ്ങളിൽനിന്ന് തേടുന്നതാണ് പദ്ധതി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകളിലാണ് കർമസേനയുടെ പ്രവർത്തനം. രണ്ട് അംഗങ്ങൾ അടങ്ങുന്ന രണ്ട് സ്‌ക്വാഡ് വീതമാണ് വാർഡുകളിൽ പഠന പ്രവർത്തനം നടത്തുക. സംസ്ഥാന സാമൂഹിക സന്നദ്ധസേനയിൽ രജിസ്റ്റര്‍ ചെയ്‌തവരായിരിക്കും അംഗങ്ങൾ. എല്ലാ സേനാംഗങ്ങൾക്കും തിരിച്ചറിയൽ കാർഡ് നൽകും. അംഗങ്ങൾക്കുള്ള പരിശീലനം പുരോഗമിക്കുന്നു. പത്തിനകം മുഴുവൻ അംഗങ്ങൾക്കും പരിശീലനം നൽകും. അംഗങ്ങൾക്ക് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയ അനുമോദന സർട്ടിഫിക്കറ്റും നൽകും. സ്‌ക്വാഡുകളുടെ മേൽനോട്ടത്തിനായി സമിതികൾ പ്രവർത്തിക്കും. നവകേരള സദസ്സ്, വികസന സദസ്സ്, വിഷന്‍ 2031, സിഎം വിത്ത് മി തുടങ്ങിയ പരിപാടികളുടെ തുടർച്ചയാണ് നവകേരളം -സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം. 31നകം ജില്ലയിലെ മുഴുവൻ വീടുകളും അംഗങ്ങൾ സന്ദർശിക്കും. ജില്ലയിൽ തുടക്കം കൂറ്റനാട് നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന വികസന ക്ഷേമ പഠന പരിപാടി മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. നാഗലശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ഡോ. വി സേതുമാധവന്റെ വസതി സന്ദർശിച്ചാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെന്ന് ഡോ. വി സേതുമാധവൻ അഭിപ്രായപ്പെട്ടു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ, പി സെയ്‌തലവി, തൃത്താല മണ്ഡലം ചാർജ് ഓഫീസർ ഡോ. കൃഷ്ണദാസ്, റിസോഴ്സ് പേഴ്സൺമാരായ പി രാധാകൃഷ്ണൻ, ഒ രാജൻ, വി ഗംഗാധരൻ എന്നിവർ പങ്കെടുത്തു.










0 comments