കൈകൂപ്പി യാചിച്ചിട്ടും വിദ്യാർഥികളെ സ്വകാര്യബസില്‍ കയറാന്‍ ജീവനക്കാർ അനുവദിച്ചില്ല; വീഡിയോ പുറത്ത്

തൃശൂർ: തൃശൂരിൽ വിദ്യാർഥികളെ സ്വകാര്യബസില്‍ കയറാന്‍ അനുവദിക്കാതെ ബസ് ജീവനക്കാർ. സ്കൂൾ വിദ്യാർഥികളെ സ്വകാര്യ ബസിൽ കയറാൻ അനുവദിക്കാതെ കണ്ടക്ടർ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടികൾ കൈകൂപ്പി യാചിച്ചിട്ടും കയറാൻ ബസ് ജീവനക്കാർ സമ്മതിച്ചില്ല. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബസിനായി വരിനിൽക്കുകയായിരുന്ന കുട്ടികളിൽ മൂന്നോ നാലോ പേരെ മാത്രം കയറ്റിയ ശേഷം ബാക്കിയുള്ള അഞ്ച് വിദ്യാർഥികളോട് ബസിൽ കയറ്റില്ലെന്ന് കണ്ടക്ടർ നിർബന്ധം പിടിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു സ്കൂളിലെ രണ്ട് കുട്ടികളെ ബസിൽ കയറ്റിയെങ്കിലും, ആദ്യം കാത്തുനിന്ന വിദ്യാർഥികളെ കയറ്റാൻ കണ്ടക്ടർ തയ്യാറായില്ല. കൂട്ടത്തിൽ ഒരു വിദ്യാർഥി കണ്ടക്ടറോട് കൈകൂപ്പി നിസ്സഹായതയോടെ യാചിച്ചിട്ടും ഫലമുണ്ടായില്ല. സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി 'പ്രിയദർശിനി' സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കിയതിൽ പ്രതിസന്ധിയിലായ സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധത്തിന്റെ ഭാഗമാണ് ഈ ക്രൂരതയെന്ന സംശയം ഉയരുന്നുണ്ട്.
വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ മോശം നടപടിക്കെതിരെ എസ്എഫ്ഐ (SFI) ശക്തമായ പ്രതിഷേധം അറിയിച്ചു. വടക്കാഞ്ചേരിയിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നില്ലെന്നും, വിദ്യാർഥികൾക്ക് സൗജന്യം നൽകുമ്പോൾ അതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും അതിന്റെ പാലനവും ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു. എന്നത് ഔദാര്യമല്ല, മറിച്ച് വിദ്യാർഥികളുടെ അവകാശമാണ്. ബസ് ഉടമകൾക്കും തൊഴിലാളികൾക്കും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവർ സർക്കാരിനെയാണ് സമീപിക്കേണ്ടത്. അതിൽ വിദ്യാർഥികൾ എന്ത് പിഴച്ചു - സഞ്ജീവ് ചോദിച്ചു.
വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ കണ്ടക്ടർ തടഞ്ഞുവെച്ച സംഭവം പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ഭരണകൂടത്തിന്റെ നയങ്ങൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താൻ വിദ്യാർഥികളെ ചൂഷണം ചെയ്യാനും അവരുടെ മുകളിൽ കുതിരകയറാനും ഒരു ബസ് മുതലാളിയെയും അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബസ് ജീവനക്കാർക്കെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.









0 comments