നജ്‌മ പറയുന്നു "അരുത്'


സ്വന്തം ലേഖകൻ
Published on Mar 08, 2026, 02:00 AM | 1 min read
പാലക്കാട്
രണ്ടുവർഷമായി ലഹരിയോട് "അരുത്' എന്ന് പറയുകയാണ് കൊട്ടേക്കാട് കാളിപ്പാറയിലെ വീട്ടമ്മ നജ്‌മ സലീം. ജില്ലയിലെ 76 കേന്ദ്രങ്ങളിൽ ഏകാംഗ നാടകം "അരുത്' അവതരിപ്പിച്ചു. പുതിയ കാലത്തിന്റെ വലയിൽപ്പെട്ട് ലഹരിക്ക് അടിമയാകുന്ന മകൻ. അവൻ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലുന്നു. മരണശേഷം അമ്മയുടെ കഥാപാത്രം സാമൂഹിക ചുറ്റുപാടുകളെ വിമർശിച്ച് കാണികളോട് സംവദിക്കുന്നതാണ് ഇതിവൃത്തം. മലമ്പുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് 17 മിനുട്ടുള്ള തെരുവുനാടകം ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ പറഞ്ഞത്. കുടുംബശ്രീ സഹകരണത്തോടെയായിരുന്നു ആദ്യ അവതരണം. പിന്നീട് ലൈബ്രറികൾ, സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെല്ലാം അവതരിപ്പിച്ചു. ഉൗർജത്തോടെ ഇപ്പോഴും തുടരുന്നു. അഭിനയ പാരമ്പര്യമില്ലാത്ത നജ്‌മ 11 വർഷംമുമ്പ് അവിചാരിതമായാണ് നാടകലോകത്തെത്തുന്നത്. താരേക്കാട് നവരംഗ് നാടക പരിശീലന കേന്ദ്രത്തിൽ മൂത്ത മകൻ അക്‌ബറിനൊപ്പം കൂട്ടിന് പോകുമായിരുന്നു. കുട്ടികൾ മാത്രമുള്ള "ചുവന്നതത്ത' എന്ന നാടകം. ആദ്യ അവതരണം കൊൽക്കത്തയിൽ. പ്രതീക്ഷ തെറ്റിച്ച് മുഖ്യ കഥാപാത്രമാകേണ്ട കുട്ടിയെത്തിയില്ല. പിന്നെയൊന്നും നോക്കിയില്ല കുപ്പായമിട്ട് തട്ടിൽക്കയറാൻ പറഞ്ഞു സംവിധായകൻ കണ്ണൻ. പരിശീലനം മുഴുവൻ കണ്ട് പരിചയമുള്ളതിനാൽ അവതരണം ഗംഭീരമായി. അന്നത്തെ കൈയടികളാണ് വീട്ടമ്മയുടെ ജീവിതത്തിൽ നാടകത്തിന്റെ വിത്തുകൾ പാകിയത്. നാടകങ്ങളും ഹ്രസ്വചിത്രങ്ങളും തുടരെ കൈകളിലെത്തി. മുസ്ലീം പശ്ചാതലത്തിൽനിന്നുള്ള സ്ത്രീയുടെ നാടക പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ ആദ്യകാലത്ത് വേദനിപ്പിച്ചെങ്കിലും കുടുംബം കൂടെനിന്നതോടെ കൂടുതൽ കരുത്തായി. ഇതിനിടയിൽ സിനിമയിലും മുഖംകാണിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിലെ സ്‌ത്രീകളെ മുൻനിർത്തി നാടകമൊരുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ഭർത്താവ്: സലീം. മക്കൾ: അക്‌ബർ, അൻവർ.










0 comments