കലയടയാളങ്ങളിലെ പച്ചമനുഷ്യൻ

അജീഷ് മുണ്ടൂർ
നിധിൻ ഈപ്പൻ
Published on Jul 21, 2026, 01:08 AM | 1 min read
പാലക്കാട്
തിയറ്ററുകളിലെ വെള്ളിവെളിച്ചത്തിനപ്പുറം, മനുഷ്യജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെയും നാടിന്റെ തനത് സംസ്കാരത്തെയും കലയിലൂടെ അടയാളപ്പെടുത്തുന്ന ഒരു കലാകാരനുണ്ട് പാലക്കാട് മുണ്ടൂരിൽ – അജീഷ് മുണ്ടൂർ. കഥാകൃത്ത്, കവി, നോവലിസ്റ്റ്, നാടകപ്രവർത്തകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ എല്ലാ മേഖലകളിലും സ്വന്തമായ മുദ്രപതിപ്പിച്ച അജീഷ്, ഒമ്പതോളം നാടകങ്ങളും പതിനഞ്ചോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മ്യൂസിക് ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മുണ്ടൂർ നാലുപുരയ്ക്കൽ തറവാട്ടിലെ കൃഷ്ണൻകുട്ടി-–ഇന്ദിര ദമ്പതികളുടെ മകനായ അജീഷിന് കുട്ടിക്കാലം മുതലേ കലയോടും എഴുത്തിനോടും അടങ്ങാത്ത ആഗ്രഹമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കവിതയെഴുതിക്കൊണ്ടാണ് അജീഷ് എഴുത്തിന്റെ ലോകത്തേക്കെത്തുന്നത്. ലോക ജലദിനത്തോടനുബന്ധിച്ച് സമൂഹമധ്യമങ്ങളിൽ തരംഗമായ നാലുമിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം "ജീവിജലം', പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറയുന്ന ഹ്രസ്വചിത്രം "ക്വിറ്റ്' എന്നിവയിലൂടെ വലിയൊരു സാമൂഹിക സന്ദേശമാണ് നൽകിയത്. കൂടാതെ 22 മിനിറ്റ് ദൈർഘ്യമുള്ള ടെലിഫിലിം "നൊമ്പരക്കാറ്റ്', ലോകകപ്പ് ഫുട്ബോൾ സമയത്ത് നാടൻപാട്ട് ശൈലിയിൽ ഒരുക്കിയ ആൽബം "ഹായ് ഫുട്ബോൾ' എന്നിവ അജീഷിന്റെ സംവിധാന മികവാണ് കാണിക്കുന്നത്. പാലക്കാടിന്റെ നാടൻകലാരൂപങ്ങളെയും സാംസ്കാരിക പൈതൃകത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനായി അജീഷ് രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി"പൊറാട്ടുനാടകം' ഏറെ ശ്രദ്ധേയമായിരുന്നു. ഒ വി വിജയൻ സ്മാരകം, രാമശേരി ഇഡ്ഡലി, കൽപ്പാത്തി പൈതൃകഗ്രാമം, എഴുത്തച്ഛൻ സ്മാരകം തുടങ്ങിയ പാലക്കാടൻ പെരുമകളെ കോർത്തിണക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയത്. മനുഷ്യന്റെ വികാരവിചാരങ്ങളെ നാടകീയമായി അവതരിപ്പിക്കുന്ന 21 ചെറുകഥകളുടെ സമാഹാരമായ "മേൽവിലാസം തേടി', "നിഴലുകൾ കഥ പറയുമ്പോൾ' എന്നീ കഥാസമാഹാരങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.










0 comments