നെഞ്ചിലുണ്ട് മുട്ടുംവിളിയും താളവും

മുഹമ്മദ് ഹുസൈൻ ഹാജിയും സംഘവും മുട്ടുംവിളി അവതരിപ്പിക്കുന്നു
ശിവദാസ് തച്ചക്കോട്
Published on May 12, 2026, 12:00 AM | 1 min read
വടക്കഞ്ചേരി
മുട്ടുംവിളിയെന്നാൽ മുഹമ്മദ് ഹുസൈൻ ഹാജിയും സംഘത്തിനും അത്രമേൽ പ്രിയമുള്ളതാണ്. അന്യംനിന്നുപോകുന്ന മാപ്പിള കലാരൂപമായ മുട്ടുംവിളി പ്രധാനമായും മുസ്ലിംപള്ളികളിൽ നേർച്ചയ്‌ക്കും മറ്റുമാണ് അവതരിപ്പിക്കുക. ആറ് പതിറ്റാണ്ടായി മുട്ടുംവിളി നിരവധി സ്ഥലങ്ങളിൽ അവതരിപ്പിച്ചുവരികയാണ് മുഹമ്മദ് ഹുസൈൻ ഹാജി. പിതാവായ കണ്ണമ്പ്ര കുഞ്ഞൂർ വീട്ടിൽ സെയ്‌തുമുഹമ്മദിന്റെ പാത പിന്തുടർന്നാണ് ഇദ്ദേഹം ഈ രംഗത്തേക്ക് കടന്നുവരുന്നത്. എഴുപത്താറുകാരനായ മുഹമ്മദ് ഹുസൈൻ ഹാജി 16 വയസ്സുമുതൽ ഈ രംഗത്ത് സജീവമാണ്. ബദർ യുദ്ധത്തെ ആസ്പദമാക്കി മോയിൻകുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടുകൾ ഷഹനായിയിലൂടെ (ചീനി കുഴൽ) ആലപിക്കും. അകമ്പടിയായി മുരശ് ( ചെറിയ ചെണ്ട), ഒറ്റ (വലിയ ചെണ്ട), ഡോൾ, തപ്പ് എന്നിവയും ഉണ്ടാകും. കണ്ണമ്പ്രയിലെ ബദ്‌രിയ മുട്ടുംവിളി സംഘത്തിൽ മകൻ അബൂബക്കർ സിദ്ദിഖ്, കൊച്ചുമക്കളായ ഹയാസ് മുഹയ്ദീൻ, അൽസാം എന്നിവരും, മൂസ, ഹനീഫ, അക്ബർ എന്നിവരുമുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിലും ഗൾഫിലും ഇവർ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പള്ളികളായ ഭീമാപള്ളി, മണത്തല, മുല്ലക്കര, കാളിയാറോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വർഷങ്ങളായി ബദ്-രിയ മുട്ടുംവിളി സംഘമെത്താറുണ്ട്. ഫോക്‌ലോർ അക്കാദമി അവാർഡ്, മോയിൻകുട്ടി വൈദ്യർ പുരസ്‌കാരം, യുഎഇയിലെ കെഎംസി പുരസ്‌കാരം എന്നിവ മുഹമ്മദ് ഹുസൈൻ ഹാജിയെ തേടിയെത്തിയിട്ടുണ്ട്.










0 comments