ad
Deshabhimani

സംഗീതം ദൈവാനയുടെ ലോകം

DAIVANA BIJU

ദൈവാന ബിജു

avatar
സായൂജ് ചന്ദ്രന്‍

Published on Feb 11, 2026, 12:31 AM | 1 min read

പാലക്കാട്‌

സംഗീതമാണ് നല്ലേപ്പിള്ളി ഒലുവംപൊറ്റയിലെ ദൈവാന ബിജുവിന്റെ ലോകം. 25 വർഷമായി കർണാടക സംഗീതവും നാടൻപാട്ടുമാണ് ഇവരുടെ ജീവവായു. തുയിലുണർത്തുപാട്ട്‌, പുള്ളുവൻപാട്ട്‌, നാഗപ്പാട്ട്‌ എന്നിങ്ങനെ നാടൻ സംഗീതത്തിന്റെ സർവ മേഖലയും പരിചിതം. മുത്തച്ഛനും നാടകകലാകാരനുമായ വണ്ടിത്താവളം കാശുവാണ്‌ കലാരംഗത്ത്‌ പ്രചോദനം. ബാല്യകാലത്ത്‌ മുത്തച്ഛന്റെ കൈപിടിച്ച്‌ നാടകത്തിലും ബാലെകളിലും പാട്ടുകാരിയായും അഭിനേതാവായും നർത്തകിയായും തിളങ്ങി. നല്ലേപ്പിള്ളി യുപി സ്കൂൾ വിദ്യാർഥിയായിരിക്കെയാണ്‌ ശാസ്‌ത്രീയമായി സംഗീതപഠനം ആരംഭിച്ചത്‌. ആദ്യം സോമശേഖരനും പിന്നീട്‌ നാരായണസ്വാമി നാദസ്വരം സഹോദരന്മാരും ഗുരുക്കൻമാർ. അക്കാലത്ത്‌ സ്കൂൾ കലോത്സവങ്ങളിലും താരം. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹൈസ്കൂളിലും ചിറ്റൂർ ഗവ. കോളേജിലുമായാണ്‌ പഠനം. പാലക്കാട്‌ ചെമ്പൈ സംഗീത കോളേജിൽ ഗാനഭൂഷണം പൂർത്തിയാക്കി. 2000ത്തിൽ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ സ്കൂളിൽ സംഗീത അധ്യാപികയായി. ആറുവർഷംമുമ്പാണ്‌ ജോലി ഉപേക്ഷിച്ച്‌ നാടൻപാട്ടിന്റെയും ശാസ്‌ത്രീയ സംഗീതത്തിന്റെയും ലോകത്ത്‌ സജീവമായത്‌. നാടൻപാട്ട്‌ കലാകാരന്മാരായ മോഹനൻ ചിറ്റൂരും സുനിത മണികണ്‌ഠനും പുതുവഴിയിൽ കരുത്തായി. ഇ‍ൗണത്തിനും താളത്തിനും അപ്പുറത്തേക്ക്‌ ചരിത്രപരമായും സാംസ്കാരികപരവുമായാണ്‌ പാട്ടിനെ സമീപിച്ചത്‌. ഇതിനിടയിൽ ബിജിത്ത്‌ ബാല സംവിധാനം ചെയ്ത "പടച്ചോനേ ഇങ്ങള്‌ കാത്തോളീ' എന്ന ചിത്രത്തിൽ അഭിനയിച്ചു. രാജേഷ്‌ മാധവൻ സംവിധാനം ചെയ്ത "പെണ്ണും പൊറാട്ടും' എന്ന രണ്ടാമത്തെ ചിത്രം റിലീസിന്‌ തയ്യാറെടുക്കുന്നു. കലയറിവുകൾ മൺമറഞ്ഞ്‌ പോകരുതെന്നാണ്‌ ദൈവാനയുടെ ആഗ്രഹം. ഇതിനായി നല്ലേപ്പിള്ളിയിൽ അന്നപൂർണേശ്വരി സംഗീതവിദ്യാലയമെന്ന സ്ഥാപനമുണ്ട്‌. നാടൻപാട്ട്‌, ശാസ്‌ത്രീയ സംഗീതം, ഭജന, ലളിതഗാനം എന്നിവയാണ്‌ അഭ്യസിപ്പിക്കുന്നത്‌. പരേതരായ വേലായുധന്റെയും മീനാക്ഷിയുടെയും മകളാണ്‌. ചെത്തുതൊഴിലാളി ടി ബിജുവാണ്‌ ഭർത്താവ്‌. മക്കൾ: അഭിനവ് കൃഷ്ണ, അദ്വൈത് കൃഷ്ണ.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home