ഇതാ മുക്കൈ മാതൃക

നവീകരിച്ച മുക്കൈ പാലം
നിധിൻ ഇൗപ്പൻ
Published on Jul 30, 2025, 12:48 AM | 1 min read
പാലക്കാട്
പ്രളയത്തിൽപ്പോലും തകരാതെ ഒരു അതിജീവന മാതൃകയുണ്ട് കടുക്കാംകുന്നം മുക്കൈപ്പുഴയിൽ. ജില്ലയിലെ കുടിവെള്ള വിതരണത്തിനുള്ള പ്രധാന പൈപ്പ്ലൈനാണ് പ്രളയത്തിലും തകരാത്ത രീതിയിൽ പുനർനിർമിച്ചത്. 2018ലെ മഹാപ്രളയത്തിൽനിന്ന് പാഠമുൾക്കൊണ്ട് ഡക്റ്റൈൽ അയേൺ പൈപ്പുകൾ ഉപയോഗിച്ചായിരുന്നു നിർമാണം. പാലത്തിൽനിന്ന് പത്തടിയോളം ഉയരത്തിൽ ഇരുമ്പുചാനൽ തീർത്ത് അതിനുള്ളിലൂടെയാണ് പൈപ്പ് ലൈൻ കടത്തിവിട്ടത്. ഇത് കേരളത്തിലെ ജലവിതരണ മേഖലയ്ക്ക് മാതൃകയാകുകയാണ്. 2018ലെ പ്രളയത്തിൽ പൈപ്പുകൾ ഒഴുകിപ്പോയതാണ് ഇത്തരത്തിൽ സുരക്ഷാക്രമീകരണങ്ങൾക്ക് ജലഅതോറിറ്റിയെ നിർബന്ധിച്ചത്. മുക്കൈപ്പുഴയിലുണ്ടായ ശക്തമായ ഒഴുക്കിൽ പൈപ്പ്ലൈനും പാലവും അന്ന് ഒലിച്ചുപോയിരുന്നു. ശക്തമായ വെള്ളപ്പാച്ചിലിൽ പൈപ്പ് ലൈനിന്റെ 60 മീറ്റർ വേർപെട്ട് ഒലിച്ചുപോയി. ഇതോടെ ജില്ലയിൽ ജലവിതരണം താറുമാറായി. സർക്കാരിന്റെ നിർദേശപ്രകാരം ഉടൻ മലമ്പുഴ ജല അതോറിറ്റി ജീവനക്കാർ അറ്റകുറ്റപ്പണി നടത്തി. തുടർന്ന് ആധുനിക രീതിയിലുള്ള ഡക്റ്റൈൽ അയേൺകൊണ്ട് നിർമിച്ച അത്യാധുനിക പൈപ്പുകൾ ചിറ്റൂർ സബ് ഡിവിഷനിൽനിന്ന് എത്തിച്ചു. 72 മണിക്കൂറിനകം പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചു.










0 comments