ഭീതിയൊഴിയാതെ പാലക്കാട്
കുഴൽപ്പണം, സ്വർണക്കടത്ത്, തട്ടിക്കൊണ്ടുപോകൽ

നിധിൻ ഇൗപ്പൻ
Published on Jun 09, 2026, 12:18 AM | 1 min read
പാലക്കാട്
അഞ്ച് വർഷത്തിനിടെ ദേശീയപാത കേന്ദ്രീകരിച്ചുള്ള കവർച്ച ഏറ്റവും കൂടുതൽ നടന്നത് പാലക്കാട് ജില്ലയിലാണെന്നാണ് പൊലീസിന്റെ കണക്കുകൾ. കുഴൽപ്പണം, അനധികൃത സ്വർണക്കടത്ത് എന്നിവ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത കവർച്ചകളാണ് ഭൂരിഭാഗവും. 2021 ഏപ്രിലിൽ കഞ്ചിക്കോടിനുസമീപം മൂന്ന് കാറുകളിലായെത്തിയ പന്ത്രണ്ടംഗ സംഘം കോയമ്പത്തൂർ സ്വദേശിയായ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി രണ്ടരക്കോടിയുടെ സ്വർണം കവർന്നിരുന്നു. അതേ വർഷം സെപ്‌തംബറിൽ വാളയാർ അട്ടപ്പള്ളത്തിനുസമീപം കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കർണാടക രജിസ്ട്രേഷൻ കാർ തടഞ്ഞ് ഒന്നരക്കോടിയുടെ കുഴൽപ്പണം കവർന്നു. 2022 മാർച്ചിൽ കിണാശേരിയിൽ പ്രവാസി വ്യവസായിയെ കാറിന്റെ ചില്ല് തകർത്ത് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു. നവംബറിൽ കഞ്ചിക്കോട് ലോറി ഡ്രൈവറെ ആക്രമിച്ച് വൻ തുകയുടെ ഇലക്‌ട്രോണിക്സ് സാധനങ്ങൾ കവർന്നു. 2023 ജൂണിൽ ആലത്തൂരിൽ വാഹനം കൃത്രിമമായി അപകടത്തിൽപ്പെടുത്തി യാത്രക്കാരിൽനിന്ന് ഒരുകോടിയോളം കവർന്നു. 2024 ഫെബ്രുവരിയിൽ വാളയാറിൽ ബംഗളൂരുവിൽനിന്നുള്ള കാർ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഡയമണ്ട് ആഭരണങ്ങളും മൊബൈലും തട്ടിയെടുത്തു. ഇവരെ റെയിൽവേ ട്രാക്കിനുസമീപം കെട്ടിയിടുകയും ചെയ്തു. ഒക്ടോബറിൽ വടക്കഞ്ചേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. 2025 ജനുവരിയിൽ വാളയാർ ടോൾപ്ലാസയ്‌ക്കുസമീപം യുവാവിനെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പണംതട്ടി. 2026ലും ഇത്തരം കേസുകൾ തുടരുകയാണ്. ചാലിശേരിയിൽ പ്രവാസി വ്യവസായിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. പട്ടാമ്പി സ്വദേശിയെ തടഞ്ഞുനിർത്തി 41 ലക്ഷം രൂപ കവർന്നു. മണ്ണാർക്കാട് കുടുംബം സഞ്ചരിച്ച ജീപ്പ് തടഞ്ഞ് വാഹനം തട്ടിയെടുത്തു. കഞ്ചിക്കോട് വാഹന വ്യാപാരിയെ തമിഴ്നാട് ചാവടിയിൽ തടങ്കലിൽവച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഒലവക്കോട് നടന്ന സംഭവം.









0 comments