Deshabhimani

മിൽമ മലബാർ മേഖലാ യൂണിയൻ പിരിച്ചുവിടൽ: പിന്നിൽ കോൺഗ്രസ്‌ ഭരണസമിതിയുടെ അഴിമതി മറയ്ക്കൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വേണു കെ ആലത്തൂർ

Published on Sep 22, 2026, 01:13 AM | 1 min read

പാലക്കാട്‌

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിനുപിന്നിൽ മുൻ കോൺഗ്രസ്‌ ഭരണസമിതി നടത്തിയ അഴിമതിയും നിയമനക്രമക്കേടും പുറത്തുവരാതിരിക്കാനുള്ള സർക്കാർ തന്ത്രം. 1990 മുതൽ 2019 വരെ 29 വർഷം അധികാരത്തിലിരുന്ന കോൺഗ്രസ്‌ ഭരണസമിതികൾ നടത്തിയ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ചെയർമാനായിരുന്ന കെ എസ്‌ മണി സെപ്‌തംബർ ഒന്നിന്‌ ക്ഷീര വികസനവകുപ്പ്‌ ഡയറക്ടർക്ക്‌ കത്ത്‌ നൽകിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ ഇതുസംബന്ധിച്ച്‌ ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. മിൽമ, മലബാർ റൂറൽ ഫ‍ൗണ്ടേഷൻ എന്നിവയിലെ അഴിമതി അന്വേഷിക്കുന്നതിന്‌ രൂപീകരിച്ച പ്രത്യേക സമിതി മുൻ ഭരണസമിതികൾ നടത്തിയ അഴിമതികളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതുമാണ്‌. വയനാട്‌, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ പുതിയ ഡെയറികൾ സ്ഥാപിക്കുന്നതിന്‌ സ്ഥലം വാങ്ങിയത്‌, 2019ന്‌ മുന്പ്‌ നടത്തിയ നിയമനങ്ങൾ എന്നിവയിലാണ്‌ വ്യാപക ക്രമക്കേട്‌ നടന്നത്‌. യോഗ്യരായവർക്ക്‌ അഭിമുഖത്തിൽ പൂജ്യം മാർക്ക്‌ നൽകിയതുമായി ബന്ധപ്പെട്ട്‌ മുൻ സൂപ്പർ വൈസർതന്നെ വാർത്താസമ്മേളനവും നടത്തിയിരുന്നു. ഇതുകൂടാതെ മുൻ ഭരണസമിതിയുടെ കാലത്ത്‌ യൂണിയൻ ചെയർമാനും എംഡിയും സർക്കാർ അനുമതിയില്ലാതെ ഗൾഫ്‌ രാജ്യങ്ങൾ സന്ദർശിച്ചു. എംഡി സർക്കാർ അനുമതി നിഷേധിച്ചിട്ടും ഇറ്റലി, ജറുസലേം എന്നീ സ്ഥലങ്ങളും സന്ദർശിച്ചു. ഇതിന്റെയെല്ലാം ചെലവ്‌ ആരാണ്‌ വഹിച്ചതെന്നും അന്വേഷിക്കണമെന്ന്‌ കെ എസ്‌ മണി കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അന്വേഷിച്ചാൽ കോൺഗ്രസ്‌ ഭരണസമിതയുടെ വലിയ വെട്ടിപ്പും കൊള്ളയും പുറത്തുവരുമെന്ന ഭയമാണ്‌ യൂണിയൻതന്നെ പിരിച്ചുവിട്ടത്‌. ഹൈക്കോടതി കേസ്‌ പരിഗണിക്കാനിരിക്കെയായിരുന്നു സർക്കാർ നീക്കം. തിരുവനന്തപുരം മേഖലാ യൂണിയൻ നേരത്തേ പിരിച്ചുവിട്ടിരുന്നു. ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ മുൻതൂക്കമുണ്ടാക്കുകയെന്നതും ലക്ഷ്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home