ഉത്തരേന്ത്യയിൽ തൊഴിലാളികൾ കടുത്ത ചൂഷണത്തിൽ: എളമരം കരീം

സിഐടിയു ജില്ലാ കമ്മിറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച മെയ്ദിന റാലി ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ സമാനതകളില്ലാത്ത ചൂഷണത്തിന് ഇരയാകുകയാണെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. പാലക്കാട് സ്റ്റേഡിയം ബസ്‌സ്റ്റാൻഡ് പരിസരത്ത് മെയ്ദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോയ്‌ഡപോലുള്ള വ്യവസായ നഗരങ്ങളിൽ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പ്രതിമാസം വെറും 12,000 രൂപയ്ക്ക് ദിവസേനെ 12 മണിക്കൂർ പണിയെടുക്കാൻ നിർബന്ധിതരാകുന്നു. അന്താരാഷ്‌ട്ര തൊഴിൽ സംഘടന (ഐഎൽഒ) അംഗീകരിച്ച എട്ടുമണിക്കൂർ ജോലി എന്ന നിയമംപോലും പാലിക്കുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്തുമ്പോൾ സിഐടിയു മാത്രമാണ് തൊഴിലാളികൾക്കായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത്. ഉത്തരാഖണ്ഡിലെ വി-ഗാർഡ് ഫാക്ടറിയിൽ കുറഞ്ഞ വേതനത്തിനെതിരെ പെൺകുട്ടികൾ നടത്തിയ സമരത്തെ ബിജെപി അനുകൂല സംഘടനകൾ തള്ളിപ്പറഞ്ഞപ്പോഴും സിഐടിയു ഒപ്പംനിന്നു. 29 തൊഴിൽ നിയമങ്ങളെ നാല് ലേബർ കോഡുകളാക്കി ചുരുക്കി കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധത കാട്ടുന്നു. കോൺഗ്രസും ബിജെപിയും ഒരുപോലെ കുത്തക താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാർ മാത്രമാണ് ഈ കരിനിയമങ്ങളെ എതിർക്കുന്നത്. "ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കില്ല’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഇന്ത്യയിലെ തൊഴിലാളികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു. പശ്ചിമേഷ്യൻ യുദ്ധംമൂലമുള്ള വിലക്കയറ്റം തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. ചൂഷണങ്ങൾക്കെതിരെ തൊഴിലാളിവർഗം ഒന്നിച്ച് പോരാടേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.










0 comments