ad
Deshabhimani

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ "ഉയിർ' സിനിമ, വടവന്നൂർ സ്വദേശി 
അൻഷാദിന്റെ ജീവിതത്തിൽനിന്ന്‌ അടർത്തിയെടുത്ത അധ്യായം

'ഉയിർ' കാത്ത നായകൻ

താനൂർ എസ്‌എച്ച്‌ഒ എസ്‌ അൻഷാദ്

താനൂർ എസ്‌എച്ച്‌ഒ എസ്‌ അൻഷാദ്

avatar
സായൂജ്‌ ചന്ദ്രൻ

Published on Jun 29, 2026, 01:28 AM | 1 min read

പാലക്കാട്‌

വെള്ളിത്തിരയിൽ തെളിഞ്ഞ ദൃശ്യങ്ങൾ മലപ്പുറം താനൂർ എസ്‌എച്ച്‌ഒ എസ്‌ അൻഷാദിന് കേവലമൊരു സിനിമാക്കഥയായിരുന്നില്ല, സ്വന്തം ജീവിതത്തിന്റെ നേർപ്പകർപ്പായിരുന്നു. നാളുകളോളം ഉറക്കം കെടുത്തിയ അന്വേഷണത്തിന്റെ തീവ്രമായ ഓർമകൾ. എം പത്മകുമാർ സംവിധാനം ചെയ്‌ത്‌ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ "ഉയിർ' സിനിമ, പാലക്കാട് വടവന്നൂർ സ്വദേശിയായ അൻഷാദിന്റെ ജീവിതത്തിൽനിന്ന്‌ അടർത്തിയെടുത്ത അധ്യായമാണ്. അൻഷാദ്‌ 2017-ൽ കണ്ണൂർ ഇരിട്ടി സ്റ്റേഷനിൽ പ്രൊബേഷൻ എസ്‌ഐ ആയിരിക്കെയാണ് "ഉയിർ' സിനിമയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. പ്രദേശത്തെ ഉപയോഗശൂന്യമായ കിണറ്റിൽനിന്ന്‌ ഒരു വനിതാ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തുന്നു. മരിച്ചത് ആരാണെന്നോ എന്തിനെന്നോ സൂചനയില്ല. പച്ചകുത്തിയ കൈകൾ മാത്രമായിരുന്നു തെളിവ്. കൊലപാതകമാണെന്ന് ഉറപ്പിച്ച അൻഷാദും സംഘവും നടത്തിയ അന്വേഷണം നാലാംനാൾ പ്രതിയെ വലയിലാക്കി. തുടരന്വേഷണത്തിൽ ചുരുളഴിഞ്ഞത് മറ്റൊരു കൊലപാതകവും. മരിച്ച സ്ത്രീയുടെ രണ്ട് കുരുന്നുകളെ ഉത്തരേന്ത്യയിലേക്കുള്ള ട്രെയിൻ കയറ്റിവിട്ടെന്ന പ്രതിയുടെ മൊഴി അന്വേഷകസംഘത്തെ ഞെട്ടിച്ചു. കൈവശമുള്ളത് വാക്കാൽ മാത്രമുള്ള വിവരങ്ങൾ. പക്ഷേ, ആ കുരുന്നുകളെ പാതിവഴിയിൽ ഉപേക്ഷിക്കാൻ അൻഷാദിന്റെ മനസ്സ്‌ അനുവദിച്ചില്ല. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ, പൊലീസ് കേന്ദ്രങ്ങൾ, അപരിചിതരായ മനുഷ്യർ... തളർച്ചയറിയാത്ത ഓട്ടമായിരുന്നു പിന്നീട്. ഒടുവിൽ മുംബൈയിലെ ഷെൽട്ടർ ഹോമിൽനിന്ന്‌ കുട്ടികളെ കണ്ടെത്തി. സുരക്ഷിതമായി കേരളത്തിലെത്തിച്ചു. മാധ്യമങ്ങളിൽ അൻഷാദിന്റെ ആത്മാർഥതയുടെ കഥകൾ വാർത്തയായി. വർഷങ്ങൾക്കുശേഷം എം പത്മകുമാറിലൂടെ സിനിമയായി. നിഖിൽ കെ മേനോനും ഷാജി മാറാടും ചേർന്നാണ് തിരക്കഥയൊരുക്കിയത്. റോഷൻ മാത്യൂവാണ്‌ നായകൻ. തിയറ്ററുകൾ നിറഞ്ഞോടുമ്പോഴും അൻഷാദിന്റെ ഉള്ളിലൊരു പുഞ്ചിരി മാത്രമേയുള്ളൂ. കാക്കിയിലുള്ള ആ മനുഷ്യൻ ഇപ്പോഴും മറ്റാരുടേയോ "ഉയിർ' കാക്കാനുള്ള ഓട്ടത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home