ad
Deshabhimani

ഒരുമയോടെ പരിസ്ഥിതിയെ
സംരക്ഷിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2025, 01:00 AM | 1 min read

പാലക്കാട്

ജൈവവൈവിധ്യം സംരക്ഷിക്കാൻ വനംവകുപ്പിനുകീഴിൽ വിവിധ പദ്ധതികളുണ്ട്​. സാധാരണ ജനങ്ങൾക്ക്​ സാമ്പത്തികമായി​ പ്രോത്സാഹനം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ്​ ലക്ഷ്യം. ഇതിൽ പ്രധാനപ്പെട്ട പദ്ധതിയാണ്​ സാമൂഹിക വനവൽക്കരണ വിഭാഗത്തിനുകീഴിലുള്ള കാവുകൾക്കുള്ള ധനസഹായ പദ്ധതി. വ്യക്തികൾക്കും ക്ഷേത്ര ട്രസ്റ്റികൾക്കും പദ്ധതിയുടെ ഭാഗമാകാം. തെരഞ്ഞെടുക്കുന്ന അപേക്ഷ സംസ്ഥാനതല വിദഗ്​ധസമിതി പരിശോധിക്കും. ശേഷം കാവുകളുടെ ഉടമസ്ഥർ കാവിന്റെ പ്ലാൻ സമർപ്പിക്കണം. കാവുകളുടെ വലുപ്പത്തിനനുസരിച്ചാണ്​ തുക ലഭ്യമാകുക. മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയാണ്​ സ്വകാര്യ വനവൽക്കരണം. തേക്ക്​, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്​, ഇ‍ൗട്ടി, കമ്പകം, കമ്പിൾ, കന്നിവാക, തേമ്പാവ്​ എന്നീ വൃക്ഷങ്ങൾ നട്ടുവളർത്താൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണിത്​. 16,000 രൂപയാണ്​ ഏറ്റവും കുറഞ്ഞ സഹായം. അപേക്ഷാ സമയത്ത്​ 10 വർഷം കാലാവധി അവശേഷിക്കുന്ന പട്ടയഭൂമിയായിരിക്കണം തൈ നട്ടുപിടിപ്പിക്കേണ്ടത്​. കൃത്യമായ പരിശോധനയ്​ക്കുശേഷമാണ്​ സഹായം നൽകുക. പരിശോധനാ സമയത്തിനുള്ളിൽ 50 തൈകളെങ്കിലും വളർത്തിയിരിക്കണം. കണ്ടൽക്കാടുകൾ സംരക്ഷിക്കാനും പദ്ധതിയുണ്ട്​. കണ്ടൽക്കാടുകളുടെ വിസ്​തൃതിക്കനുസരിച്ചാണ്​ തുക ലഭിക്കുക. ജില്ലയിലെ അസിസ്റ്റന്റ്​ ഫോറസ്റ്റ്​ കൺസർവേറ്റർ, ജില്ലാ പഞ്ചായത്ത്​ പ്രതിനിധി, ഗവേഷണ സ്ഥാപന പ്രതിനിധി, ഏതെങ്കിലും സന്നദ്ധ സംഘടനാ പ്രതിനിധി എന്നിവരടങ്ങിയ കമ്മിറ്റിയാണ്​ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. സാമൂഹിക വനവൽക്കരണ വിഭാഗം പത്രപ്പരസ്യത്തിലൂടെയാണ്​ മൂന്ന്​ പദ്ധതികൾക്കും അപേക്ഷ സ്വീകരിക്കുക. അസിസ്റ്റന്റ്​ ജില്ലാ കൺസർവേറ്റർമാരാണ്​ പദ്ധതികൾക്ക്​ നേതൃത്വം നൽകുന്നത്​. വിവരങ്ങൾക്ക്​: http//circle.forest.kerala.gov.in. ഫോൺ: 04712529100.


തയ്യാറാക്കിയത്‌ സായൂജ്‌ ചന്ദ്രൻ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home