വ്യാപാരികൾക്ക് നികുതി സമ്മർദമില്ലാത്ത 10 വർഷം
കട നിറയെ ആശ്വാസം

എഐ ചിത്രം
വി കെ രഘുപ്രസാദ്
Published on Mar 23, 2026, 12:42 AM | 1 min read
പാലക്കാട്
വിൽപ്പന നികുതി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പില്ലാത്ത വരവ്, വ്യാപാരം തടസ്സപ്പെടുത്തിയുള്ള പരിശോധന– കച്ചവടക്കാർ പ്രയാസത്തിലായ കാലം. വിൽപ്പന നികുതി അടയ്‌ക്കുന്നതിലെ നിയമക്കുരുക്കും ആവശ്യങ്ങൾ പരിഗണിക്കാത്ത അവസ്ഥയും. എന്നാൽ, 2016ൽ എൽഡിഎഫ് സർക്കാർ വന്നതോടെ കഥ മാറി. നികുതികുടിശ്ശിക മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നികുതി ആംനസ്റ്റി നടപ്പാക്കിയത് ചെറുകിട വ്യാപാര മേഖലയ്‌ക്ക് കരുത്തായി. മുൻകാല നികുതി നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുടിശ്ശിക തീർപ്പാക്കാനാണ് ഉന്നമിട്ടത്. ഇതുപ്രകാരം 50,000ത്തിൽ താഴെ കുടിശ്ശികയുള്ള 25,000 വ്യാപാരികളുടെ കുടിശ്ശിക എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. അതിനുമുകളിൽ കുടിശ്ശികയുണ്ടായിരുന്നവരുടെ പലിശയും പിഴയും ഒഴിവാക്കി. നികുതി ആംനസ്റ്റി തുടരുമെന്ന ബജറ്റ് പ്രഖ്യാപനവും (2026– 2027) വ്യാപാരികൾക്ക് ആശ്വാസം പകർന്നു. തൊഴിലാളി–തൊഴിലുടമ തർക്കങ്ങൾ പലപ്പോഴും പ്രശ്‌നങ്ങൾക്കിടയാക്കിയിരുന്നു. തൊഴിൽവകുപ്പിന്റെ കൃത്യമായ ഇടപെടലിൽ പ്രശ്‌നം പരിഹരിച്ചു. ജിഎസ്‌ടി റിട്ടേൺ ഫയലിങ് ഉൾപ്പടെ ഓൺലൈനാക്കിയതോടെ വിൽപ്പന നികുതി ഓഫീസിൽ പലതവണ കയറിയിറങ്ങേണ്ട ഗതികേട് ഇല്ലാതായി. വ്യാപാര ലൈസൻസ് ഫീസ് കുറയ്ക്കണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചു. കാലാവധി കഴിഞ്ഞ് ലൈസൻസ് പുതുക്കുമ്പോൾ പിഴത്തുകയായി ഓരോ 15 ദിവസത്തിനും 25 ശതമാനം എന്ന തോതിൽ ഫീസ് ഈടാക്കിയിരുന്നത് 100, 200, 300, 500, 1000 തുടങ്ങി എട്ട് സ്ലാബുകൾ നിശ്ചയിച്ചു. കോവിഡ് കാലത്തും വ്യാപാരികൾ സർക്കാരിന്റെ കരുതലറിഞ്ഞു. പ്രതിസന്ധിയിലായ ചെറുകിട വ്യാപാരി-, വ്യവസായികളെ സഹായിക്കാൻ പദ്ധതികൾ നടപ്പാക്കി. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെടുത്ത രണ്ട് ലക്ഷമോ അതിൽ താഴെയോയുള്ള വായ്പകളുടെ പലിശയുടെ നാലുശതമാനം ആറുമാസംവരെ സർക്കാർ നൽകി. സർക്കാർ നൽകിയ കടമുറികളുടെ വാടക ആറുമാസത്തേക്ക് ഒഴിവാക്കി. വൈദ്യുതി ചാർജും ഒഴിവാക്കി.










0 comments