സ്ഥാനാര്‍ഥിക്കൊപ്പം
പൊളിയാണ് സുമോദ് ബ്രോ

തരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി സുമോദ് വടക്കഞ്ചേരിയിൽ പര്യടനത്തിൽ
ശിവദാസ് തച്ചക്കോട്
Published on Mar 31, 2026, 12:19 AM | 1 min read
വടക്കഞ്ചേരി
"സുമോദ് ബ്രോ പൊളിയാണ്, യുവതയുടെ സ്വപ്‌നങ്ങൾക്ക് ചിറകുപകരാൻ അദ്ദേഹം വീണ്ടും ജയിക്കണം' – വടക്കഞ്ചേരി കമ്മാന്തറ സ്വദേശി കിരണിന്റെ വാക്കുകളിൽ നിറയെ തരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി സുമോദിനോടുള്ള സ്‌നേഹമാണ്. ഒരു നാടാകെ സ്ഥാനാർഥിയെ ഏറ്റെടുക്കുന്ന കാഴ്‌ചയാണ് പര്യടനത്തിലുടനീളം കാണുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ 1,630.6 കോടിയുടെ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് പര്യടനം തുടരുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കിയ സ്വിം തരൂർ, ഖേലോ തരൂർ, മെറിറ്റ്, സമൃദ്ധി തുടങ്ങിയ പദ്ധതികളെ കുറിച്ചും സ്ഥാനാർഥി വോട്ടർമാരോട് സംവദിച്ചു. ഇതുകൂടാതെ പത്ത് വർഷത്തിനിടയിൽ എൽഡിഎഫ് സർക്കാർ ക്ഷേമ പദ്ധതികളെ കുറിച്ചും മുന്നേറ്റത്തെ കുറിച്ചും സുമോദ് സംസാരിച്ചു. തിങ്കളാഴ്‌ച വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. രാവിലെ കണ്ണമ്പ്രയിലെ രക്തസാക്ഷികളായ കെ ആർ വിജയന്റെയും കെ മണിയന്റെയും കെ വി രവിയുടെയും മംഗലത്തെ സോമന്റെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയശേഷമാണ് പര്യടനം തുടങ്ങിയത്. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ടിൽനിന്നാരംഭിച്ച് കിഴക്കേത്തറ, തെക്കേത്തറ, കരുവപ്പാടം, പാളയം, കമ്മാന്തറ, പ്രധാനി, മേരിഗിരി, കണ്ണമ്പ്ര കല്ലിങ്കൽപ്പാടം, ചൂർക്കുന്ന്, കല്ലേരി, ചല്ലിപ്പറമ്പ്, മന്ദത്തുപറമ്പ്, വലുപറമ്പ്, കൊട്ടേക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി കാരപ്പൊറ്റയിൽ സമാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൽഡിഎഫ് വിജയം കൈവരിച്ച കണ്ണമ്പ്രയിൽ കരുത്ത് തെളിയിച്ചായിരുന്നു പ്രചാരണം. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ രതീഷ്, സ്വരൂപ് കുന്നംപുള്ളി, തോമസ് ജോൺ, എസ് ബഷീർ, സുരേഷ്‌കുമാർ, സി തമ്പു, ജാസ്ഫർ എന്നിവർ ഒപ്പമുണ്ടായി.










0 comments