തർക്കംതീരാതെ യുഡിഎഫ്; മുന്നേറി എൽഡിഎഫ്

വി കെ രഘുപ്രസാദ്
Published on Mar 21, 2026, 01:21 AM | 1 min read
പാലക്കാട്
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചിട്ടയായ പ്രവർത്തനങ്ങളുമായി എൽഡിഎഫ-് ബഹുദൂരം മുന്നിൽ. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നയുടൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അന്നുതന്നെ സിപിഐയും സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഇതോടെ എൽഡിഎഫ് കളം പിടിച്ചു. തൊട്ടടുത്ത ദിവസം ഐഎസ്‌ജെഡിയും കേരള കോൺഗ്രസ് എമ്മും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് പൂർണ സജ്ജമായി. സ്ഥാനാർഥികൾ മണ്ഡലങ്ങളിൽ ജനസമ്പർക്കം തുടങ്ങി. 17 ന് തന്നെ കൺവൻഷനുകൾക്കും തുടക്കമിട്ടു. മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട്, തരൂർ, ആലത്തൂർ, ഷൊർണൂർ, മലമ്പുഴ, നെന്മാറ, ചിറ്റൂർ മണ്ഡലം കൺവൻഷനുകൾ പൂർത്തിയായി. തൃത്താല മണ്ഡലം കൺവൻഷൻ 22നാണ്. ലോക്കൽ കൺവൻഷനുകളും തുടങ്ങി. വികസന–ക്ഷേമ പ്രവർത്തനങ്ങളിലൂടെ നാടിന്റെ മുഖച്ഛായ മാറ്റിയ എൽഡിഎഫിന് തുടർഭരണം നൽകാൻ ജനങ്ങളോട് അഭ്യർഥിക്കുന്ന സ്ഥാനാർഥികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഇനിയും യുഡിഎഫിനായിട്ടില്ല. തർക്കങ്ങളും പടലപ്പിണക്കവും തുടരുകയാണ്. നെന്മാറ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി കെ സി പ്രീത് രാജിവച്ചു. തൃത്താലയിൽ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് അഞ്ച് നേതാക്കളാണ് കഴിഞ്ഞദിവസം കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. നെന്മാറ മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മലമ്പുഴയിൽ എ സുരേഷിനെ സ്ഥാനാർഥിയാക്കിയതിലും കോങ്ങാട് കെ എ തുളസിയെ മത്സരിപ്പിക്കുന്നതിലും മുറുമുറുപ്പുണ്ട്. മണ്ണാർക്കാട് ലീഗിലും അസ്വാരസ്യമാണ്. സ്വന്തം മണ്ഡലത്തിൽനിന്നുള്ളയാൾ സ്ഥാനാർഥിയാകണമെന്നാണ് ആവശ്യം. പട്ടാമ്പിയിൽ വിമതനായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പട്ടാമ്പി രംഗത്തെത്തി.










0 comments