ചിണ്ടക്കിയിൽനിന്ന് 12 കിലോമീറ്റർ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചാണ് ആനവായ് വനമേഖലയിൽ വൈദ്യുതി എത്തിച്ചത്
പ്രകാശം പരത്തുന്ന ഉൾവനങ്ങൾ

സെെലന്റ് വാലിയിലെ ആനവായ് ഉന്നതിയിലെ വീട്ടിൽ വെെദ്യുതി എത്തിയപ്പോൾ (-ഫയൽ ചിത്രം)
വി കെ രഘുപ്രസാദ്
Published on Mar 31, 2026, 12:09 AM | 1 min read
പാലക്കാട്
മണ്ണാർക്കാട് -ആനക്കട്ടി റോഡിലെ മുക്കാലിയിൽനിന്ന് 15 കിലോമീറ്റർ ദൂരെ സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് കുറുമ്പ ഗോത്ര ഊരുകളുള്ള ആനവായ് വനമേഖല. വിദൂര ഉന്നതികളായ തടിക്കുണ്ട്, മുരുഗള, കിണറ്റുംകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ എന്നിവിടങ്ങളിൽ താമസിക്കുന്നത് 190 ആദിവാസി കുടുംബങ്ങൾ. വന്യമൃഗങ്ങളുടെ വിഹാര രംഗം. പകൽപോലും ഭയം കനത്തുനിൽക്കും. രാത്രിയായാൽ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കായിരുന്നു ആശ്രയം. ആ കാലം പഴങ്കഥയായി. ഉന്നതികളിൽ വൈദ്യുതി എത്തിക്കാൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രത്യേക പദ്ധതിയാണ് ഇവരുടെ ജീവന്റെ കാവലായത്. അട്ടപ്പാടി ഐടിഡിപി മുഖേന 6.2 കോടി രൂപ ചെലവിട്ടാണ് വൈദ്യുതി എത്തിച്ചത്. ചിണ്ടക്കിയിൽനിന്ന് 12 കിലോമീറ്റർ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചാണ് 11 കെവി വൈദ്യുതി എത്തിച്ചിരിക്കുന്നത്. നാല് വിതരണ ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. 206 എ ടൈപ്പ് ഇരുമ്പ് തൂണുകളും 145 കോൺക്രീറ്റ് തൂണുകളും നാട്ടിയിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ തുടങ്ങിയ പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കിയപ്പോൾ ഉന്നതികളിലെ മുഴുവൻ വീടുകളിലും പ്രകാശം പരന്നു. താഴെ തുടുക്കി, മേലെ തുടുക്കി, ഗലസി ഉന്നതികളിൽ അനർട്ടിന്റെ സഹായത്തോടെ ഹൈഡ്രോ പവർ ഇലക്ട്രിഫിക്കേഷൻ പദ്ധതിയും ഐടിഡിപി നടപ്പാക്കി.










0 comments