ad
Deshabhimani

ലാസ്റ്റ് ലാപ്പ്

സുസ്ഥിര നേട്ടങ്ങളിലേക്ക്‌ വീണ്ടും

തൃത്താല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം ബി രാജേഷ്‌ മുടവന്നൂരിൽ വോട്ടർമാർക്കൊപ്പം

തൃത്താല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം ബി രാജേഷ്‌ മുടവന്നൂരിൽ വോട്ടർമാർക്കൊപ്പം

avatar
സി കെ ഉണ്ണികൃഷ്‌ണൻ

Published on Apr 06, 2026, 12:00 AM | 1 min read

കൂറ്റനാട്‌

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുടിവെള്ളക്ഷാമമായിരുന്നു തൃത്താലയിലെ ചർച്ച. വോട്ടുതേടി ചെല്ലുമ്പോഴെല്ലാം എൽഡിഎഫ്‌ സ്ഥാനാർഥി എം ബി രാജേഷിനോട്‌ നാട്ടുകാർ ആവശ്യപ്പെട്ടത്‌ അതിന്‌ പരിഹാരമായിരുന്നു. ‘സുസ്ഥിര തൃത്താല’ എന്ന ദേശാതിർത്തികടന്ന പദ്ധതിയിലൂടെ ജലക്ഷാമം പഴങ്കഥയാക്കി. ഇത്തവണ പുതിയ സ്വപ്‌നങ്ങളാണ്‌ അദ്ദേഹം ജനങ്ങൾക്ക്‌ മുന്നിൽവയ്‌ക്കുന്നത്‌. തൃത്താലയുടെ പൈതൃകവും പ്രകൃതിവിഭവങ്ങളും പ്രയോജനപ്പെടുത്തി മണ്ഡലത്തെ സ്വയംപര്യാപ്ത സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ബൃഹത്തായ വികസന രേഖയാണ് സമർപ്പിക്കുന്നത്. ജനപ്രതിനിധിയുടെ ദീർഘവീക്ഷണവും പ്രതിബദ്ധതയും തെളിയിക്കുന്നതാണിത്‌. പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യം, അഷ്ടവൈദ്യ പാരമ്പര്യം, വി ടി ഭട്ടതിരിപ്പാടിന്റെയും ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെയും ജന്മദേശം, അക്കിത്തത്തിന്റെയും എം ടിയുടെയും കർമഭൂമി തുടങ്ങി പുകൾപ്പെറ്റ മണ്ണിൽ മറ്റൊരു ചരിത്രം രചിക്കാനൊരുങ്ങുകയാണ്‌ അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷം വാഗ്‌ദാനം ചെയ്‌തതും അല്ലാത്തതുമായ വികസന പ്രവർത്തനങ്ങളിലൂടെ നാടിനെ നയിച്ച എം ബി രാജേഷിനെ ഹൃദയത്തിലേറ്റിയിരിക്കുകയാണ്‌ മണ്ഡലം. പട്ടികജാതി ഉന്നതികൾ ഏറെയുള്ള ഇവിടെ കഴിഞ്ഞ അഞ്ചുവർഷത്തിനകം വിതരണം ചെയ്‌തത്‌ 2763 പട്ടയം. 1152.5 കോടി ചെലവിൽ 577 വികസന പദ്ധതികളാണ്‌ മണ്ഡലത്തിൽ നടപ്പാക്കിയത്‌. കൂടാതെ നഴ്‌സിങ്‌ കോളേജും. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ ഉടനെ തുടങ്ങിയ ജനസമ്പർക്ക പരിപാടിയും രണ്ട്‌ ഘട്ടങ്ങളിലായി അഞ്ചുദിവസംവീതം നടന്ന സ്ഥാനാർഥി പര്യടനവും നാടിന്റെ ഉത്സവമായി. ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ച മണ്ഡലം ഇനിമുതൽ ഇടതുപക്ഷത്ത്‌ നിലയുറപ്പിക്കുമെന്ന്‌ സ്വീകരണങ്ങൾ തെളിയിച്ചു. വികസന സംവാദത്തിന്‌ എം ബി രാജേഷിനെ ക്ഷണിച്ച്‌ വെട്ടിലായിരിക്കുകയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി വി ടി ബൽറാം.കോൺഗ്രസിലെ പോരും ബൽറാമിന്‌ തലവേദനയാണ്‌. വി ഉണ്ണികൃഷ്‌ണനാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home