സ്ഥാനാര്‍ഥിക്കൊപ്പം
തൃത്താലയുടെ സ്വന്തം എം ബി ആർ

പരുതൂർ തെക്കേക്കുന്നിൽ പര്യടനത്തിനിടെ തൃത്താല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ് വിദ്യാർഥിനി മൃദുലയുമായി സംസാരിക്കുന്നു /ഫോട്ടോ: ശരത് കൽപ്പാത്തി
വി കെ രഘുപ്രസാദ്
Published on Mar 31, 2026, 12:22 AM | 1 min read
പാലക്കാട്
ഉരുളാൻപടിയിൽനിന്ന് വിളിച്ചാൽ കേൾക്കാവുന്ന ദൂരത്താണ് അബ്‌ദുക്കയുടെ മാടത്തിന്റകത്ത് വീട്. എളുപ്പം അങ്ങാടിയിലെത്താം. എങ്കിലും തിങ്കാഴ്‌ച രാവിലെതന്നെ അബ്‌ദുക്ക അങ്ങാടിയിലെത്തി. എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിനെ സ്വീകരിക്കാൻ. സ്ഥാനാർഥിയെത്തിയപ്പോൾ ആദ്യംതന്നെ മാലയിട്ട് ആശ്ലേഷിച്ചു. "എനിക്കും ഭാര്യക്കും 2000 രൂപ വീതം പെൻഷൻ കിട്ടുന്നുണ്ട്. അതൊക്കെ പോരെ ജീവിക്കാൻ. അതിന് എൽഡിഎഫ് വരണം. രാജേഷ് ജയിക്കും' എഴുപതുകാരൻ പറഞ്ഞു. സ്‌നേഹനിർഭരമാണ് വരവേൽപ്പുകൾ. മണ്ഡലത്തിലുള്ളവർക്ക് തങ്ങളിലൊരാളാണ് എം ബി രാജേഷ്. കുഞ്ഞുങ്ങൾമുതൽ മുതിർന്നവർവരെ സ‍്വീകരണ കേന്ദ്രങ്ങളിലെത്തുന്നു. വഴിയോരങ്ങളിലുള്ളവർ നിറഞ്ഞ ചിരിയോടെ സ്ഥാനാർഥിയെ അഭിവാദ്യം ചെയ്യുന്നു. ഉരുളാൻപടിയിൽനിന്ന് അടുത്ത കേന്ദ്രത്തിലേക്ക് പോകവെ പരുതൂർ പബ്ലിക് ലൈബ്രറിയിൽ ഒരു കൂട്ടം ഹരിതകർമ സേനാ പ്രവർത്തകർ തങ്ങളുടെ മന്ത്രിയെ കാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരോട് അൽപ്പനേരം സംസാരിച്ചശേഷം ഫോട്ടോയെടുത്തു. "ഞങ്ങൾക്ക് ഞങ്ങളുടെ എം ബി ആറിനെ വേണം. കക്കാടുംകുന്ന് പ്രദേശത്ത് വെള്ളവും വെളിച്ചവും റോഡുമില്ലായിരുന്നു. എം ബി ആർ ജയിച്ചപ്പോഴാണ് ഇതെല്ലാം നടന്നത്, കൈതക്കുന്ന് സ്വീകരണ കേന്ദ്രത്തിലെത്തിയ ഷീജ പറഞ്ഞു. മണ്ഡലത്തിലെ സ്‌കൂളുകളിലുണ്ടായ മാറ്റത്തെക്കുറിച്ചാണ് തെക്കേക്കുന്ന് സ്വീകരണ കേന്ദ്രത്തിലെത്തിയ പ്ലസ്-ടു വിദ്യാർഥിനി കോട്ടേക്കുന്നുമ്മൽ മൃദുലയ്‌ക്ക് പറയാനുണ്ടായിരുന്നത്. ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കിയ എൽഡിഎഫ് തുടരണമെന്ന് മൃദുല പറഞ്ഞു. പരുതൂർ പഞ്ചായത്തിലെ പര്യടനം രാവിലെ 8.30ന് കരിയന്നൂർ ആനപ്പടിയിൽ തുടങ്ങി മംഗലംകുന്നിൽ സമാപിച്ചു. പട്ടിത്തറ പഞ്ചായത്തിൽ പട്ടിത്തറയിൽ തുടങ്ങി ഉല്ലാസ് നഗറിൽ സമാപിച്ചു. തൃത്താലയിൽ ചേനാട്ടുകുളം റോഡിൽ തുടങ്ങി ഉള്ളന്നൂരിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ പി ശ്രീനിവാസൻ, എം കെ പ്രദീപ്, വി പി റജീന, കെ എ ഷംസു, ടി ഹംസ, കെ സുരേന്ദ്രൻ, പി പി ഷാജു, എ കെ ദേവദാസ്, ഗോപാലകൃഷ്ണൻ, എം പി കൃഷ്ണൻ എന്നിവർ സംസാരിച്ചു. വി കെ ചന്ദ്രൻ, പി എൻ മോഹനൻ, ടി പി മുഹമ്മദ് എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി. ചൊവ്വ രാവിലെ കൂറ്റനാട് ബ്ലോക്ക് ഓഫീസ് പരിസരത്തുനിന്നാരംഭിക്കുന്ന പര്യടനം വൈകിട്ട് തലയണപ്പറമ്പിൽ സമാപിക്കും.










0 comments