Deshabhimani

പാറയിടുക്കിൽ ഒറ്റപ്പെട്ട ആനക്കുട്ടിക്ക്‌ ധോണിയിലെ പരിചരണ കേന്ദ്രത്തിൽ ചികിത്സ

കുട്ടിയാന ഹാപ്പിയാണ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 20, 2026, 12:36 AM | 1 min read

പാലക്കാട്‌

അട്ടപ്പാടി മേലേ അബ്ബന്നൂരിൽ പാറയിടുക്കിൽ ഒറ്റപ്പെട്ട കുട്ടിയാനയ്‌ക്ക്‌ ധോണിയിലെ ആന പരിചരണ കേന്ദ്രത്തിൽ ചികിത്സ തുടങ്ങി. പാറയിടുക്കിൽപ്പെട്ടതിനാൽ ആനയുടെ പുറത്തെ തൊലിക്കുമേലെ ചെറിയ പരിക്കേറ്റിട്ടുണ്ട്‌. ഓയിൻമെന്റുകളും ബാമുകളും ഉപയോഗിച്ച്‌ മുറിവ്‌ ഉണക്കാനുള്ള ചികിത്സയാണ്‌ നടക്കുന്നത്‌. എട്ടുദിവസംമാത്രം പ്രായമുള്ള കുട്ടിയാനയായതിനാൽ പാൽ, ഇളനീർ, ലാക്റ്റോജൻ തുടങ്ങിയവയാണ്‌ ഭക്ഷണം. ധോണിയിലെ വെറ്ററിനറി ആശുപത്രിയിൽ ട്രീറ്റ്‌മെന്റിനായുള്ള ഷെഡ്ഡിൽ ഡോ. ഡേവിസ്‌ എബ്രഹാമിന്റെ നേതൃത്വത്തിലാണ്‌ ചികിത്സ. കേന്ദ്രത്തിലുള്ള അഗസ്റ്റിൻ എന്ന കുങ്കിയാനയുടെ പാപ്പാനും അദ്ദേഹത്തിന്റെ ഭാര്യയും കേന്ദ്രത്തിലെ ജീവനക്കാരുമാണ്‌ ഭക്ഷണം കൊടുക്കുന്നതും പരിചരിക്കുന്നതും. മൂന്ന്‌, നാല്‌ ദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ എഴുന്നേൽക്കുമ്പോൾ വീണുപരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ ഷെഡ്ഡിൽ പ്രത്യേക സ‍ൗകര്യങ്ങളൊരുക്കിയിട്ടുണ്ട്‌. പരിക്ക്‌ ഭേദമായാൽ വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച്‌ തുടർ നടപടി സ്വീകരിക്കുമെന്ന്‌ എസ്‌എഫ്‌ഒ ശശിഭൂഷൺ പറഞ്ഞു. വനംവകുപ്പ് അബ്ബന്നൂർ വനത്തിൽ ഒരുക്കിയ താൽക്കാലിക കൂട്ടിലായിരുന്ന കുട്ടിയാനയെ ശനിയാഴ്ചയാണ് ധോണിയിലെ ആന പരിചരണ കേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌. ഒറ്റപ്പെട്ടുപോയ കാട്ടാനക്കുട്ടി അഞ്ചുദിവസം കാത്തിരുന്നെങ്കിലും ഒപ്പം കൂട്ടാൻ അമ്മയാന തയ്യാറായിരുന്നില്ല. ആദ്യം പ്രദേശത്ത്‌ ഉണ്ടായിരുന്ന അമ്മയാന കാടുകയറിയതോടെയാണ്‌ വനംവകുപ്പ്‌ കുട്ടിയാനയെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home