കോടിയേരി ബാലകൃഷ്‌ണൻ പുരസ്‌കാര വിതരണം: ഒരുക്കം പൂർത്തിയായി

പാലക്കാട്
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പേരിൽ ദമാം നവോദയ ഏർപ്പെടുത്തിയ -സമഗ്രസംഭാവന പുരസ്‌കാര വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ ഇ എൻ സുരേഷ്‌ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. -ആഗസ്‌ത് രണ്ടിന് പകൽ മൂന്നിന് ഒറ്റപ്പാലം മനിശീരി പിഷാരടീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ഇ എൻ സുരേഷ്ബാബു അധ്യക്ഷനാകും. മുൻ മന്ത്രി എം ബി രാജേഷ് അവാർഡ് വിതരണം ചെയ്യും. മുൻ മന്ത്രിയും നവോദയ പ്രവാസി വെൽഫെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ തോമസ് ഐസക്ക് സംസാരിക്കും. അവാർഡ് വിതരണത്തോട് അനുബന്ധിച്ച് ആഗസ്‌ത് രണ്ടിന് രാവിലെ 9.30ന് നടക്കുന്ന നവോദയ കുടുംബസംഗമം കെ ജയദേവൻ ഉദ്ഘാടനം ചെയ്യും. നാടകഗാനങ്ങളുടെ അവതരണവും ഉണ്ടാകും. കാർഷിക രംഗത്തെ സമഗ്രസംഭാവനയ്‌ക്കാണ് ഇത്തവണ പുരസ്‌കാരം. എലവഞ്ചേരി സ്വദേശി എസ് ഷാബുമോൻ ആണ് പുരസ്‌കാര ജേതാവ്. പിണറായി എരുവട്ടി പ്രവാസി തളിർ കൃഷിക്കൂട്ടമാണ് മികച്ച കർഷകക്കൂട്ടായ്മ. മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ആലപ്പുഴ എസ്‌എൻ പുരം കഞ്ഞിക്കുഴി പഞ്ചായത്തിനാണ്. മുൻ എംഎൽഎ കെ ഡി പ്രസേനന്റെ നേതൃത്വത്തിലുള്ള ആലത്തൂർ പഞ്ചായത്തിലെ നിറ സമഗ്ര കാർഷിക വികസന പദ്ധതിക്ക് ജൂറിയുടെ പ്രത്യേക പരാമർശമുണ്ട്. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ മോഹനൻ വെള്ളിനേഴി, ലോക കേരള സഭാംഗം ഷാഹിദ ഷാനവാസ്, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ടി എൻ ഷബീർ എന്നിവരും പങ്കെടുത്തു.










0 comments