ഓണം കളറാകും
ഹിറ്റടിച്ച് ഖാദിമേള

സായൂജ് ചന്ദ്രൻ
പാലക്കാട്
പ്രകൃതിരംഗങ്ങൾ, പൂക്കൾ തുടങ്ങിയവയാണ് കലംകാരി വസ്‌ത്രങ്ങളുടെ പ്രത്യേകത. അതിനാൽ ഓണക്കാലത്ത് പ്രിയം കലംകാരി സാരികളോടുതന്നെ. പാലക്കാട് എസ്ബിഐ ജങ്ഷനിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടക്കുന്ന മേളയിൽ പ്രധാനി കലംകാരി സാരികളാണ്. 1,350 രൂപ മുതൽ വിലയുള്ള സാരി റിബേറ്റനുസരിച്ച് 946 രൂപ മുതലാണ് വിൽപ്പന. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ലാ ഗ്രാമ വ്യവസായ ഓഫീസും ആരംഭിച്ച "എനിക്കും വേണം ഖാദി' മേളയിൽ വൻതിരക്കാണ്. ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും കച്ചവടം പൊടിപൊടിക്കുന്നു. ഇൗടുനിൽക്കുന്ന മനോഹരമായ ഡിസൈനുകളുള്ള വസ്‌ത്രങ്ങളാണ് മേളയിലുള്ളത്. 30 ശതമാനം റിബേറ്റും സർക്കാർ–അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. ജില്ലയുടെ തനത് ഉൽപ്പന്നങ്ങളായ ശ്രീകൃഷ്ണപുരം സിൽക്കിനും ചിതലി പട്ടിനും ആരാധകരേറെ. ദോത്തികളിൽ കുപ്പടം കര, പേട്ടുക്കുപ്പടം, ഡബാകുപ്പടം എന്നിവയ്ക്കാണ് ആവശ്യക്കാർ. ജൂട്ട് സിൽക്ക്, സ്‌പൺ സിൽക്ക്, റീൽഡ് സിൽക്ക്, ഡ്യൂപിയോൺ സിൽക്ക്, ഖാദി പട്ടുസാരി, കോട്ടൺ സാരി, ചുരിദാർ, ഷർട്ട്, കുർത്തി, ദോത്തി, മനില കോട്ടൺ ഷർട്ടിങ് എന്നിവയും പ്രധാനം. ചവിട്ടികളും കിടക്കകളും വിൽപ്പനയ്‌ക്കുണ്ട്. തുണി കഴുകുമ്പോൾ ഉപയോഗിക്കുന്ന സ്റ്റാർച്ച് ഉൽപ്പന്നങ്ങൾ, വാസനപ്പൊടികൾ, തേൻ, കരകൗശല വസ്‌തുക്കൾ എന്നിവയുമുണ്ട്. ജില്ലയിലെ 36 നൂൽപ്പുകേന്ദ്രങ്ങളിലും 24 നെയ്‌ത്തുകേന്ദ്രങ്ങളിലും മൂന്ന് വാർപ്പുകേന്ദ്രങ്ങളിലുമായി നിർമിച്ച തുണിത്തരങ്ങളാണ് മേളയിലുള്ളതിലേറെയും. കളപ്പെട്ടിയിലാണ് കിടക്ക യൂണിറ്റും തേൻ യൂണിറ്റും. പാലത്തുള്ളിയിലാണ് റെഡിമെയ്‌ഡ് യൂണിറ്റ്. പാലക്കാട് കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് ഖാദി ഗ്രാമ സൗഭാഗ്യകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകളിലും തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും മേള നടക്കുന്നുണ്ട്. മൊബൈൽ വിൽപ്പന ശാലയുമുണ്ട്. അവധി ദിവസങ്ങളിലും പ്രവർത്തിക്കും.









0 comments